കരുത്ത് തെളിയിച്ച് എംഎസ്സി വിർജീനിയ വിഴിഞ്ഞത്ത്
1590012
Monday, September 8, 2025 6:44 AM IST
വിഴിഞ്ഞം: എത്ര വലിയ ചരക്ക് കപ്പലുകൾക്കും ആഴമേറിയ അന്താരാഷ്ട്ര തുറമുഖത്ത് അടുക്കാമെന്നു ലോകത്തിന് മുന്നിൽ തെളിയിച്ച് എംഎസ്സി വിർജീനിയ. കേരളത്തിന് ഓണസമ്മാനമായി എത്തി 16.95 മീറ്റർ ആഴമുള്ള കണ്ടെയ്നർ കപ്പൽ കൈകാര്യം ചെയ്തതിന്റെ റെക്കോർഡുമായാണ് 478-മനായി വിർജീനിയയുടെ വരവ്.
ഓണദിനത്തിൽനങ്കുരമിട്ട കപ്പൽ ദൗത്യം പൂർത്തിയാക്കി ഇന്നലെ രാവിലെ സ്പെയിൻ ലക്ഷ്യമാക്കി തീരംവിട്ടു. ഇന്ത്യൻ തുറമുഖങ്ങളിൽ ഇതുവരെ കൈകാര്യം ചെയ്തതിൽ രണ്ടാമത്തെ ഏറ്റവും വലിയ ഡ്രാഫ്റ്റ് കൂടിയ കപ്പൽ എന്ന പേരുമായാണ് എംഎസ്സിയുടെ അഭിമാന മടക്കം. അദാനി മുന്ദ്ര തുറമുഖത്തുനിന്ന് വിഴിഞ്ഞത്ത് എത്തുമ്പോൾ 16 മീറ്റർ ആയിരുന്നു കപ്പലിന്റെ ഡ്രാഫ്റ്റ് (കപ്പലിന്റെ അടിത്തട്ടു മുതൽ കടൽ നിരപ്പ് വരെയുള്ള ഉയരം).
ഏതാണ്ട് 5,000 കണ്ടെയ്നർ ചരക്ക് വിഴിഞ്ഞത്ത് കൈകാര്യം ചെയ്ത ശേഷമാണ് ഡ്രാഫ്റ്റ് 16.95 ആയി വർധിച്ചത്. ഇതിനു മുൻപു 16.8 മീറ്റർ ആയിരുന്നു വിഴിഞ്ഞത്ത് എത്തിയ ആഴം കൂടിയ കപ്പൽ. 16.5 മീറ്ററിൽ കൂടുതൽ ഡ്രാഫ്റ്റ് ഉള്ള 17 കപ്പലുകളാണ് ഇതുവരെ വിഴിഞ്ഞത്ത് എത്തി ലക്ഷ്യം പൂർത്തിയാക്കി മടങ്ങിയത്.
18 മീറ്റർ മുതൽ 20 മീറ്റർ വരെ സ്വഭാവിക ആഴമുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ കരുത്ത് ആഗോള മാരിടൈം മേഖലയ്ക്കു മുന്നിൽ ഒന്നുകൂടി തെളിയിക്കാനും കഴിഞ്ഞു. ട്രയൽ റണ്ണും കഴിഞ്ഞ് കൊമേഴ്സ്യൽ തുറമുഖമായി മുന്നോട്ട് കുതിക്കുന്ന തുറമുഖത്ത് 10.55 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞതിന്റെ അഭിമാന നേട്ടത്തിലാണ് വിഴിഞ്ഞം.