നെയ്യാറ്റിൻകരയിലെ ബൈപ്പാസ് റോഡിൽ സുരക്ഷാവേലി വേണമെന്ന ആവശ്യം ശക്തമാകുന്നു
1590291
Tuesday, September 9, 2025 6:29 AM IST
പൂവാർ: നെയ്യാറിന്റെ കരയിൽ അവസാനിക്കുന്ന ബൈപ്പാസ് സർവീസ് റോഡിനു ശക്തമായ സുരക്ഷാവേലിയും മുന്നറിയിപ്പു സംവിധാനങ്ങളും വേണമെന്ന ആവശ്യം ശക്തമാകുന്നു. വഴിയറിയാതെ എത്തുന്ന നിരവധി വാഹനങ്ങൾ നെയ്യാറിലേക്ക് പതിക്കാതെ രക്ഷപ്പെട്ടതു തലനാരിഴക്കെന്നു നാട്ടുകാർ പറയുന്നു.
ആറുവരിപ്പാതയായ കോവളം കാരോട് ബൈപ്പാസ് നെയ്യാറിന്റെ കരയിൽ നാലു വരിപ്പാതയായി ചുരുക്കിയതാണ് പൊതുജനത്തിനു തിരിച്ചടിയായത്. ഇരുവശത്തുമായി കടന്നുപോകാനുള്ള സർവീസ് റോഡുകളെ ആറിന്റെ കരയിൽ അവസാനിപ്പിച്ചു. എന്നാൽ പതിയിരിക്കുന്ന അപകടമറിയാതെ വരുന്ന വാഹനങ്ങൾക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തിലും അധികൃതർ അലംഭാവം കാണിച്ചു.
ആറിന്റെ കരയോടു ചേർന്നു രണ്ടടി മാത്രം പൊക്കമുള്ള ബാരിക്കേട് സ്ഥാപിച്ച അധികൃതർ തൊട്ടടുത്തായി റോഡ് അവസാനിക്കുന്നു എന്ന് എഴുതിയ ഒരു ചെറിയ ബോർഡും സ്ഥാപിച്ചു. ചെങ്കൽ, തിരുപുറം പഞ്ചായത്തുകളുടെ പ്രധാന അതിർത്തിയാണ് നെയ്യാർ. ഇരുകരകളെയും പാലം നിർമിച്ച് ബന്ധിപ്പിക്കുന്നതിനു പകരം സർലീസ് റോഡ് കട്ട് ചെയ്ത് ദേശീയപാതാ ഉദ്യോഗസ്ഥർ സമീപത്തെ ബണ്ട് റോഡുമായി ബന്ധിപ്പിച്ചു.
കിഴക്കുഭാഗത്തുനിന്ന് സർവീസ് റോഡുവഴിവരുന്ന വാഹനങ്ങൾ ആറിന്റെ കരയിൽ എത്തുമ്പോഴാണ് മറുകരയെത്താനുള്ള റോഡില്ലെന്ന കാര്യമറിയുന്നത്. അവിടെനിന്ന് ബണ്ട് റോഡിൽ ചെറിയ വാഹനങ്ങൾക്ക് പ്രവേശിക്കാൻ മേൽ പാലത്തിനടിയിലൂടെ ഇടിഞ്ഞ് പൊളിഞ്ഞ ആറടിപ്പാത അനുവദിച്ചു നൽകി. കാറുകൾക്കു പോലും ഇതുവഴി കടന്നുപോകാൻ പറ്റില്ലെന്നു നാട്ടുകാർ പറയുന്നു.
നിലവിൽ ഇവിടെ ഗതാഗതം ഒറ്റവരിയിലായി ചുരുങ്ങി. കഴിഞ്ഞ മഴയിൽ ആറ്റിലുണ്ടായ വെള്ളപ്പൊക്കത്തിൽ പാലത്തോടു ചേർന്ന ബണ്ട് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണതുംഅപകടത്തിന്റെ തോത് വർധിപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ ശിവലിംഗ നിർമിതിയുള്ള ചെങ്കൽ ശിവക്ഷേത്രവും നെയ്യാറ്റിൻകര രൂപതയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ വ്ലാത്താങ്കര മാതാവിന്റെ പള്ളിയും സന്ദർശിക്കാൻ മറ്റു സംസ്ഥാനങ്ങളിൽനിന്നു നിരവധി വാഹനങ്ങളിൽ ആളുകൾ എത്തുന്നുണ്ട്.
ഈ വാഹനങ്ങൾ ബൈപ്പാസിൽ പ്രവേശിക്കണമെങ്കിൽ ബണ്ട് റോഡിൽ നാലു ലോമീറ്ററോളം ചുറ്റണം. നിരപ്പായ റോഡു കണ്ടു വേഗത്തിൽ വരുന്ന വാഹനങ്ങൾ അപകടം മനസിലാക്കി വെട്ടിച്ചവിട്ടി രക്ഷപ്പെടുകയാണ് പതിവ്. കണ്ണൊന്നു തെറ്റിയാൽ ആഴമേറിയ നെയ്യാറിലേക്കു പതിച്ചു വൻ അപകടമുണ്ടാകുമെന്നും നാട്ടുകാർ പറയുന്നു.
ഇതിനെതിരെ പരാതികൾ നിരവധി ഉണ്ടായെങ്കിലും അപകട സൂചന നൽകുന്ന ലൈറ്റുകൾ സ്ഥാപിക്കാനോ, ബാരികകേഡുകൾ ശക്തിപ്പെടുത്തുന്നതിനേ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാനോ അധികൃതർ തയാറായില്ലെന്നും ആക്ഷേപം ഉയരുന്നു. സർവീസ് റോഡ് മുറിച്ചതോടെ നെയ്യാറിന്റെ ഇരുകരയിലുമുള്ള നാട്ടുകാരുടെ പരസ്പര ബന്ധവും ഇല്ലാതാക്കി.
കഷ്ടിച്ചു നൂറു മീറ്റർ മാത്രം വീതിയുള്ള നെയ്യാറിന്റെ ഇരുകരകളും താണ്ടാൻ പൊതുജനം നാലു കിലോമീറ്റർ വരെ ദൂരം ചുറ്റണമെന്ന അവസ്ഥയിലായി. തലമുകളായി ഇവിടെ ഉണ്ടായിരുന്ന കടത്തുവള്ളവും അധികൃതർ ഇല്ലാതാക്കി ജനത്തെ ഒറ്റപ്പെടുത്തി.