വെളിയംകോട് ഹോളിക്രോസ് ദേവാലയത്തിലെ ഗ്രോട്ടോയും കുരിശടിയും തകര്‍ത്ത് മോഷണം
1590300
Tuesday, September 9, 2025 6:37 AM IST
മാറനല്ലൂരിൽ വീണ്ടും മോഷണം
മാറനല്ലൂർ: മാറനല്ലൂരില്‍ വീണ്ടും മോഷണം. വെളിയംകോട് ഹോളി ക്രോസ് ദേവാലയത്തിലെ ഗ്രോട്ടോയും കുരിശടിയും തകര്‍ത്താണു മോഷണം നടത്തി യത്. പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് കമ്മറ്റി അംഗങ്ങള്‍ പരിശോധിച്ചു വരികയാണ്. മാറനല്ലൂർ പോലിസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം മേലാരിയോട് മദര്‍ തെരേസ നഗറിലെ രവീന്ദ്രന്റെ വീട്ടില്‍നിന്ന് 13 പവന്റെ ആഭരണങ്ങള്‍ മോഷ്ടാവ് കൊണ്ടു പോയിരുന്നു. ആഴ്ചകൾക്ക് മുൻപ് സപ്ലൈക്കോ ഉൾപ്പെടെ സ്ഥാപനങ്ങളിലും നിരവധി വീടുകളിലും മോഷണവും മോഷണ ശ്രമവും നടന്നിരുന്നു. ഒരു മാസമായി പ്രദേശത്ത് 15-ാമത്തെ മോഷണമാണിത്.
കഴിഞ്ഞ ദിവസമാണ് ആളില്ലാത്ത വീടു കുത്തിത്തുറന്ന് 13 പവൻ കവർന്നത് . മാറനല്ലൂർ മേലാരിയോട് ഹരിലയത്തിൽ വിമുക്തഭടൻ ഹരീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. ഹരീന്ദ്രനും ഭാര്യയും മകനും മരുമകളുമാണ് വീട്ടിൽ താമസിക്കുന്നത്. ഹരീന്ദ്രനും ഭാര്യയും നെയ്യാർ മേള കാണുന്നതിനുവേണ്ടി നാലുമണിയോടുകൂടി വീട്ടിൽനിന്നിറങ്ങി.
പിന്നാലെ മകനും മരുമകളും ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാനും പോയി. എട്ടുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിൽ കണ്ടത്. അകത്തു കയറിയപ്പോൾ വീടിന്റെ മുൻവശത്തുള്ള വാതിലും തുറക്കാനായില്ല. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു പിന്നിലെ വാതിൽ തുറന്നുകിടക്കുന്നതു കണ്ടത്.
അകത്തുകയറി പരിശോധിച്ചപ്പോഴാണ് മുറിയിലുള്ള അലമാരകളെല്ലാം തുറന്നിട്ട നിലയിൽ കണ്ടത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 13 പവനോളം സ്വർണം നഷ്ടപ്പെട്ടെന്നാണ് ഹരീന്ദ്രൻ മാറനല്ലൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ഒരു മാസത്തിനിടെ മാറനല്ലൂരിൽ സമാനരീതിയിൽ നിരവധി മോഷണങ്ങൾ നടന്നു. കൂവളശേരിയിലും ചെന്നിയോട്ടും വീടിന്റെ പിൻവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. മുൻവശത്തെ വാതിൽ അകത്തുനിന്നു പൂട്ടിയ ശേഷമാണ് മോഷണം നടത്തുന്നത്.
പെട്ടെന്നു വീട്ടുടമസ്ഥൻ എത്തിയാൽ പിൻവശത്തുകൂടി കടന്നുകളയുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ മോഷണം നടത്തുന്നതെന്നു സംശയിക്കുന്നു. ഇവിടെ അടുത്തിടെ നടന്ന മോഷണങ്ങളിൽ കണ്ടലയിലെ മൊബൈൽ കട കുത്തിത്തുറന്നു മോഷണം നടത്തിയ രണ്ടുപേരിൽ ഒരാളെ മാത്രമാണു പോലീസിനു പിടിക്കാൻകഴിഞ്ഞത്.