വേണ്ടത്ര ഡോക്ടർമാരും ജീവനക്കാരും ഇല്ലാതെ നേമം താലൂക്ക് ആശുപത്രി
1590299
Tuesday, September 9, 2025 6:37 AM IST
പദവി പേരിലുമാത്രം ഒതുങ്ങി
നേമം: താലൂക്ക് ആശുപത്രിയായി പദവി ലഭിച്ച് വര്‍ഷങ്ങളായിട്ടും ഇപ്പോഴും വേണ്ടത്ര ഡോക്ടര്‍മാരും ജീവനക്കാരുമില്ലാതെ നേമം താലൂക്ക് ആശുപത്രി. കോര്‍പ്പറേഷന്റെ ഭാഗമായ നേമം മേഖലയിലെ പൊന്നുമംഗലം, നേമം, മേലാംകോട്, പാപ്പനംകോട്, എസ്റ്റേറ്റ് വാര്‍ഡുകളിലേയും സമീപ പഞ്ചായത്തുകളായ കല്ലിയൂര്‍, പള്ളിച്ചല്‍ എന്നിവിടങ്ങളിൽ നിന്നുമുള്ള സാധാരണക്കാരായ നൂറുകണക്കിന് രോഗികള്‍ ചികിത്സയ്ക്കായി എത്തുന്നത് ഇവിടെയാണ്.
ദിവസവും അഞ്ഞൂറിലധികം രോഗികള്‍ ഒപിയിലെത്തുന്നുണ്ട്. വേണ്ടുന്ന ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും എണ്ണത്തില്‍ പകുതിയില്‍ താഴെ മാത്രമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ഈ അവസ്ഥയില്‍ രോഗികള്‍ക്ക് നല്ല ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ഉച്ച വരെയുള്ള ഒപി കഴിഞ്ഞാല്‍ വൈകുന്നേരം ഒരു ഡോക്ടറുടെ സേവനം മാത്രമാണ് അത്യാഹിത വിഭാഗത്തില്‍ ലഭിക്കുന്നത്.
പനി ബാധിതരുടെ എണ്ണം കൂടിയപ്പോള്‍ വൈകുന്നേരവും രാത്രിയിലും രോഗികൾക്കു ഫലപ്രദമായ ചികിത്സ കിട്ടാതെ വന്നിരുന്നു. ദേശീയപാതയില്‍ നെയ്യാറ്റിന്‍കര കഴിഞ്ഞാല്‍ നഗരത്തില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയാണിത്. രാത്രിയില്‍ അപകടങ്ങളോ മറ്റോ സംഭവിച്ച് ആശുപത്രിയിലെത്തിയാല്‍ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്.
രാത്രി ഡ്യൂട്ടിക്ക് രണ്ട് ഡോക്ടര്‍മാരെയെങ്കിലും നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്. ഗൈനക്കോളജി യില്‍ പുതിയ നിയമനമായിട്ടില്ല. ജനറല്‍ ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് തന്നെ അത്യാഹിത വിഭാഗത്തിലും ജോലി നോക്കേണ്ടി വരുന്നത് പലപ്പോഴും ബുദ്ധിബുട്ടുകളുണ്ടാക്കുന്നു. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവും രോഗികളെ വലയ്ക്കുന്നുണ്ട്. ആശുപത്രി വികസനത്തിനായി 30 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതി നടന്നുവരികയാണ്.
രണ്ടു ബഹുനില കെട്ടിടങ്ങളും മറ്റ് ആധുനിക സൗകര്യങ്ങളും വികസന പദ്ധതിയിലുണ്ട്. നബാര്‍ഡ് ധനസഹായത്തോടെ 22.24 കോടി രൂപ ചെലവാക്കി ആറു നിലകളുള്ള കെട്ടിടവും എന്‍എച്ച്എമ്മിന്റെ ധനസഹായത്തോടെ എട്ടുകോടി രൂപ ചെലവാക്കി നിർമിക്കുന്ന മൂന്നുനില കെട്ടിടവും ഉള്‍പ്പെട്ടതാണ് ഈ പദ്ധതി. നിർമാണം പൂർത്തിയാക്കാൻ ഒരു വര്‍ഷമെങ്കിലും എടുത്തേക്കും.