ഓണപ്പൂക്കള വിവാദം : സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാൻ പോലീസ്
1590011
Monday, September 8, 2025 6:44 AM IST
ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലേക്ക് ഇന്ന് ബിജെപി മാർച്ച്
കൊല്ലം: ശാസ്താംകോട്ട മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിലെ ഓണപ്പൂക്കള വിവാദവുമായി ബന്ധപ്പെട്ട കേസിൽ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ നിരീക്ഷിക്കാൻ പോലീസ്. പോലീസിനെതിരേ സോഷ്യൽ മീഡിയയിൽ ഈ വിഷയത്തിൽ തെറ്റിദ്ധാരണാജനകമായ പോസ്റ്റുകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
പൂക്കളമിട്ട എല്ലാവർക്ക ുമെതിരെ കെസെടുത്തിട്ടില്ലെന്നും പോലീസിന്റെ നിർദേശത്തിനു വിരുദ്ധമായി ഓണപ്പൂക്കളം ഇട്ടവർക്ക് എതിരേ മാത്രമാണ് കേസെ ടുത്തിട്ടുള്ളതെന്നും പോലീസ് പറഞ്ഞു. പൂക്കളമിട്ട എല്ലാവർക്കുമെതിരേ കേസെടുത്തു എന്ന് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളെയടക്കം സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞു കർശന നടപടി സ്വീകരിക്കുമെന്ന് ശാസ്താംകോട്ട പോലീസ് വ്യക്തമാക്കി.
തിരുവോണ ദിവസം ക്ഷേത്രപരിസരത്ത് പോലീസ് നിർദേശത്തിന് വിരുദ്ധമായി പൂക്കളം ഒരുക്കിയ 27 പേർക്ക് എതിരേയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ഇവർ എല്ലാവരും ഒരു സംഘടനയിലെ അംഗങ്ങളുമാണ്. ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും ഫ്ലക്സ് ബോർഡുകളും നിരോധിച്ചുള്ള കോടതി ഉത്തരവ് നിലവിലുണ്ട്. ഇത് ലംഘിച്ചാണ് പൂക്കളം ഒരുക്കിയത്. മാത്രമല്ല ഇവർ ക്ഷേത്ര പരിസരത്ത് ഫ്ലക്സ് ബോർഡും സ്ഥാപിച്ചു.
വ്യാഴാഴ്ച രാത്രിയോടെയാണ് ഏറെ വിവാദമായി മാറിയ സംഭവങ്ങളുടെ തുടക്കം. ക്ഷേത്രസഭ പൂക്കളം ഇടാൻ തയാറാക്കിയ സ്ഥലത്ത് ഒരു സംഘം ആൾക്കാർ പൂക്കളം ഒരുക്കാൻ എത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
തുടർന്ന് ക്ഷേത്ര സഭ (ഭരണ സമിതി) ശാസ്താംകോട്ട പോലീസിൽ പരാതി നൽകി. തുടർന്നു പോലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിൽ വിളിപ്പിച്ചു. രണ്ടു കൂട്ടർക്കും പൂക്കളം ഇടാനുള്ള സ്ഥലവും പോലീസ് തന്നെ കണ്ടെത്തി നൽകുകയും ചെയ്തു. മാത്രമല്ല പൂക്കളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പേരോ കൊടിയോ ഉണ്ടാവരുതെന്ന കർശന നിർദേശവും പോലീസ് നൽകുകയുണ്ടായി.
എന്നാൽ ഇത് ലംഘിച്ച് പൂക്കളം നിർമിച്ചതുമായി ബന്ധപ്പെട്ടാണ് കലാപശ്രമത്തിന് പോലീസ് 27 പേർക്കെതിരെ കേസെടുത്തത്. പൂക്കളത്തിനു സമീപം ഇവർ ബോർഡും സ്ഥാപിക്കുകയുണ്ടായി. തുടർന്നാണ് ഓപ്പറേഷൻ സിന്ദൂർ എന്നെഴുതി പൂക്കളം ഇട്ടതിനെതിരേ പോലീസ് കേസെടുത്തു എന്ന പ്രചാരണം ഉയർന്നത്.
സോഷ്യൽ മീഡിയയിൽ ഇത് വലിയ രീതിയിൽ വ്യാജമായി പ്രചരിപ്പിക്കപ്പെട്ടു എന്നു പോലീസിന് ബോധ്യപ്പെടുകയും ചെയ്തു. പോലീസ് എടുത്ത എഫ് ഐആറിലെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.
അതിൽ ഓപ്പറേഷൻ സിന്ദൂർ എന്ന വാക്ക് പരാമർശിക്കുന്നു പോലുമില്ല. ഈ സാഹചര്യത്തിലാണു കർശന നടപടികളുമായി മുന്നോട്ട് പോകാൻ പോലീസ് തീരുമാനിച്ചിട്ടുള്ളത്. അതേ സമയം പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. രാവിലെ 10ന് മാർച്ചിന്റെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി നിർവഹിക്കും.
പോലീസ് നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാൻ ബിജെപി സംസ്ഥാന നേതൃത്വവും തീരുമാനിച്ചിട്ടുണ്ട്. പോലീസ് എടുത്ത കേസ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുവമോർച്ച ജില്ലാ ഭാരവാഹികളും മുന്നറിയിപ്പ് നൽകി.