സഹോദരിയുടെ മകളെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
1590018
Monday, September 8, 2025 6:52 AM IST
പൂന്തുറ: മദ്യ ലഹരിയില്‍ സഹോദരിയുടെ മകളെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചയാളെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ വടുവത്ത് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സതീഷ് (32) ആണ് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സതീഷ്, പെൺകുട്ടി രാത്രിയിൽ ചൂലുപയോഗിച്ചു വീടു വൃത്തിയാക്കുന്നത് ചോദ്യം ചെയ്യുകയും സമീപത്തിരുന്ന വടിയെടുത്ത് മർദിക്കുകയുമായിരുന്നു.
മർദനത്തിൽ തലപൊട്ടി രക്തം ഒഴുകിയതുകണ്ട കുട്ടിയുടെ അമ്മ പൂന്തുറ പോലീസിൽ വിവരം അറിയിച്ചു. ഈ സമയം കൈയിലിരുന്ന വടികൊണ്ട് സതീഷ്, സ്വന്തം തലയിൽ അടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തു. സഹോദരിയുടെ പരാതിയിൽ കേസെടുത്ത പോലീസ് സതീഷിനെ അറസ്റ്റുചെയ്തു.
പൂന്തുറ എസ്എച്ച്ഒ സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ സുനില്‍, ഗ്രേഡ് എസ്ഐ സുധീര്‍, ഗ്രേഡ് സിപിഒ സജി, സിപിഒ മാരായ പത്മകുമാര്‍, അനീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ റിമാന്‍ഡ് ചെയ്തു.