യുവതി ഫ്ളാറ്റില്‍ മരിച്ച നിലയിൽ
1590046
Monday, September 8, 2025 10:14 PM IST
തിരുവനന്തപുരം: യുവതിയെ ഫ്ളാറ്റിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പോണ്ടിച്ചേരി കാരിക്കല്‍ മുക്കുളം സ്ട്രീറ്റ് 13ല്‍ അളകര്സാമിയുടെ മകള്‍ എ. അക്ഷയ (25) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഇവര്‍ താമസിച്ചുവന്ന ജനറല്‍ ആശുപത്രിക്കു സമീപം തമ്പുരാന് മുക്കിലെ ആര്‍ടെക് തമ്പുരാന്‍സ് ഫ്ളാറ്റിലെ അഞ്ചാം നിലയില്‍ 5ബി അപ്പാര്‍ട്ട്മെന്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ളാറ്റിലെ ബെഡ്റൂമിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മുന്‍വശത്തെ വാതിലിന്റെ മൂന്നു കുറ്റികളും ഭദ്രമായി ലോക്ക് ചെയ്ത നിലയിലായിരുന്നു. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ഷഹീര്‍, ഓഫീസര്‍മാരായ രാഹുല്‍, നൂറുദ്ദീന്‍, സനിത്ത്, എഫ്ആര്‍ഒ ഡ്രൈവര്‍ ശ്രീരാജ് ആര്. നായര്‍ എന്നിവര്‍ ഫ്ളാറ്റിലെ മുറിയുടെ പിന്‍വാതിലൂടെ കടന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. ജര്‍മന്‍ഭാഷ പഠിക്കുന്നതിനുവേണ്ടി ഒരുമാസത്തിനു മുമ്പാണ് അക്ഷയ തിരുവനന്തപുരത്തെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നത്.
15 ദിവസത്തിനു മുമ്പാണ് തമ്പുരാന്‍മുക്കിലെ ഫ്ളാറ്റില്‍ താമസമാക്കുന്നത്. ഒറ്റയ്ക്കാണ് അക്ഷയ കഴിഞ്ഞുവന്നിരുന്നതെന്നു പോലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല. മരണകാരണം വ്യക്തമായിട്ടില്ലെന്നു കന്റോണ്‍മെന്റ് പോലീസ് അറിയിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.