നെയ്യാറിൽ ഓണാഘോഷം കാണാൻ വൻ തിരക്ക്
1589736
Sunday, September 7, 2025 6:43 AM IST
നെയ്യാർഡാം : വൈദ്യുത വിളക്കുകൾ മിഴി തുറന്നതോടെ നെയ്യാർഡാമിലെ ഓണാഘോഷത്തിന് തിരക്കേറി. തിരുവോണത്തിനും ഇന്നലെയും വൻ ജനക്കൂട്ടമാണ് ഇവിടെ എത്തിയത്. പകൽ എത്തിയവർ വൈെകുന്നേരം വെളിച്ചത്തിൽ കുളിച്ച് നിൽക്കുന്ന ഡാം കണ്ടിട്ടേ മടങ്ങുന്നുള്ളൂ. നെയ്യാർഡാം മുഖ്യ കവാട പരിസരത്ത് ഓണപ്പതാക ഉയർത്തിയാണ് ആഘോഷത്തിന് തുടക്കമിട്ടത്.
നീലജലാശയത്തിലെ സുന്ദരമായ യാത്രയും ഹരിതഭംഗിയാർന്ന വനതാഴ്വാരത്തെ സുഖകരമായ അന്തരീക്ഷവും നുകരാൻ ഇക്കുറി എത്തിയ സഞ്ചാരികളെയും കാത്ത് നിരവധി വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്.
ഉദ്യാനത്തിലെ പ്രതിമകൾ മിനുക്കി പണികൾ നടത്തി നന്നാക്കി കഴിഞ്ഞു. അവയ്ക്ക് ഏതാണ്ട് ജീവൻ വച്ചപോലെ. രാത്രി മനോഹരമാക്കാൻ ഉദ്യാനത്തിലെ വിളക്കുകൾ ഭംഗിയാക്കിയിട്ടുണ്ട്. കേടുവന്നവ മാറ്റുകയും പുതുതായി പലേടത്തും സ്ഥാപിക്കുകയും ചെയ്തു. ടവർ, ഡാം ബ്രിഡ്ജ്, അക്വേറിയം, സൈക്കിൾ പാർക്ക് എന്നിവിടങ്ങളിൽ പ്രത്യേക ദീപസംവിധാനം ഒരുക്കിയിട്ടുണ്ട്.
കുട്ടികളുടെ പാർക്കിൽ വൻ തിരക്കാണ്. മീൻമുട്ടി, മുല്ലയാർ, കൊമ്പൈക്കാണി, വരയാട്ടുമുടി എന്നിവിടങ്ങളിൽ സാഹസികസഞ്ചാരം വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. മാൻപാർക്ക്, ചീങ്കണ്ണി പാർക്ക്, എന്നിവിടങ്ങളിൽ നല്ല തിരക്കുള്ളതിനാൽ ഇവിടേയ്ക്ക് ബോട്ട് സർവീസും നടത്തി. മീൻമുട്ടി വെള്ളചാട്ടം കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കാപ്പുകാട് ആനപാർക്കിൽ ഓണക്കളികളും സദ്യയും ഒരുക്കിയിട്ടുണ്ട്. ആനസവാരിയ്ക്കും ആനയൂട്ടിനും ഇക്കുറി നല്ല തിരക്കാണ്. നക്ഷത്ര അക്വേറിയത്തിൽ പുതിയ ഇനം മൽസ്യങ്ങൾ ഉണ്ട്.
അതിനിടെ കുറ്റിച്ചൽ കൂട്ടായ്മ, കാപ്പുകാട് ആന പുനരധിവാസകേന്ദ്രം തുടങ്ങി എല്ലായിടത്തും വിപുലമായ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കള്ളിക്കാട് ഗ്രാമപ്പഞ്ചായത്തും വിവിധ സർക്കാർ വകുപ്പുകളും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് 'ഓണം ടൂറിസം വാരാഘോഷം' സംഘടിപ്പിച്ചിട്ടുള്ളത്. വാരാഘോഷം നാളെ സാംസ്കാരിക ഘോഷയാത്രയോടെ സമാപിക്കും. എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികളുമുണ്ട്.
കൗതുകമായി ഒഴുകുന്ന പൂക്കളം
നെയ്യാർഡാം : നെയ്യാർ ജലസംഭരണിയിൽ ഒരുക്കി യ ഫ്ളോട്ടിംഗ് അത്തപൂക്കളം വിനോദ സഞ്ചാരികളേയും വിദേശ സഞ്ചാരികളേയും ആകർഷിച്ചു. നെയ്യാർഡാം മരകുന്നത്താണ് ഈ പൂക്കളം. മരകുന്നം ശിവാനന്ദ ആർട്്സ് ആൻഡ് സ്പോർട്സ് ക്ലബാണ് കൗതുകകരമായ അത്തപ്പൂക്കളം ഒരുക്കിയത്. നെയ്യാർഡാമിൽ വന്ന സഞ്ചാരികൾ ഇത് കൗതുകത്തോടെ കാമറയിൽ പകർത്തുകയും ചെയ്തു.
പേഴുംമൂട് ഉദയം സമിതിയുടെ പൂക്കളം ദിനോസറിന്റേതാണ്. ഏതാണ്ട് ജീവൻ തുടിക്കുന്നപോലെയാണ് ഈ ദിനോസർ. ഒരു മാസത്തെ കഠിന ശ്രമത്തിന്റെ ഫലമാണ് ഈ പൂക്കളം. ഇത് കാണാനും നിരവധി പേരാണ് എത്തുന്നത്.