ചാലയിലെ ക്ഷേത്രമോഷണം; ബംഗാള്‍ സ്വദേശി അറസ്റ്റില്‍
1590017
Monday, September 8, 2025 6:52 AM IST
പേരൂര്‍ക്കട: ചാലയിലെയും ആര്യശാലയിലെയും ക്ഷേത്രത്തില്‍ മോഷണം നടത്തിയ സംഭവത്തില്‍ ബംഗാള്‍ സ്വദേശിയുടെ അറസ്റ്റ് ഫോര്‍ട്ട് പോലീസ് രേഖപ്പെടുത്തി. വെസ്റ്റ് ബംഗാള്‍ മാള്‍ഡ ബങ്കി ഡോല സ്വദേശി സഞ്ജീബ് മണ്ഡല് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 31ന് ചാലയിലെ മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന ഇയാള്‍ 3000-ഓളം രൂപയാണ് കവര്‍ന്നത്.
ക്ഷേത്ര കോമ്പൗണ്ടിലുണ്ടായിരുന്ന കാണിക്കവഞ്ചിയാണ് ഇയാള്‍ കവര്‍ന്നത്. ഇതിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ആര്യശാലയിലെ ഉജ്ജയിനി മഹാകാളി ക്ഷേത്രത്തില്‍നിന്നു കിണ്ടികളും വിളക്കുകളും മോഷ്ടിച്ചത്. ഈ സംഭവത്തിനുശേഷം തൊണ്ടിമുതല്‍ ചാക്കിലാക്കി നടന്നുവരുന്നതിനിടെ കണ്ട്രോള് റൂമിലെ പോലീസ് ഉദ്യോഗസ്ഥര്‍ സംശയംതോന്നി ചോദ്യം ചെയ്തതോടെയാണ് മോഷണവിവരം അറിയുന്നത്.
ചാലയില്‍നിന്നു മോഷ്ടിച്ച പണം തന്നില്‍ നിന്നു മറ്റാരോ കവര്‍ന്നുവെന്നാണ് ഫോര്‍ട്ട് സിഐ വി.ആര് ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പറഞ്ഞത്.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്താണ് സഞ്ജീബ് മണ്ഡല് തമ്പടിച്ചിരിക്കുന്നത്. എസ്ഐ ബിജു, സിപിഒമാരായ അജീഷ്, സജു, ഹോം ഗാര്‍ഡ് സന്തോഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.