ആറ്റിങ്ങൽ കോടതി സമുച്ചയത്തിലെ രണ്ടുകോടതികളിൽ ബോംബ് ഭീഷണി
1542983
Wednesday, April 16, 2025 6:43 AM IST
ആറ്റിങ്ങൽ: ആറ്റിങ്ങൽ കോടതി സമുച്ചയത്തിലെ രണ്ട് കോടതികളിൽ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി അറിയിച്ചത്. കുടുംബ കോടതിയിലും തൊട്ടടുത്ത എംഎസിടി കോടതിയിലും ഉച്ചകഴിഞ്ഞ് 3.30ന് ബോംബ് പൊട്ടിത്തെറിക്കുമെന്നായിരുന്നു ഇന്നലെ രാവിലെ 8.49 ലഭിച്ച മെയിൽ സന്ദേശം.
വൈകുന്നേരം നാലോടെ തിരുവനന്തപുരം ജില്ലാ കോടതിയിൽനിന്ന് ബോംബ് ഭീഷണി അറിയിച്ചതിനുശേഷമാണ് ആറ്റിങ്ങൽ കോടതികളിൽ ഭീഷണി വിവരം അറിഞ്ഞത്. തുടർന്നു കോടതികളിലെ അഭിഭാഷകരെയും ജീവനക്കാരെയും, കക്ഷികളെയും പുറത്താക്കുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
പോലീസിന്റെ ആദ്യ ഘട്ട പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്തിയില്ലെങ്കിലും പിന്നീട് ഡോഗ് സ്ക്വാഡും, ബോംബ് സ്ക്വാഡും പരിശോധന നടത്തി. സംശയകരമായ യാതൊന്നും കണ്ടെത്താനായില്ല. ബോംബ് സ്ക്വാഡിലെ ഓറിയോയുടെ നേതൃത്വത്തിൽ ഭീഷണി സന്ദേശത്തിൽ പറയുന്ന രണ്ടു കോടതികളിലും വിശദമായ പരിശോധനയാണ് നടത്തിയത്. ബോംബ് ഭീഷണിയുടെ സന്ദേശം എത്തിയതോടെ ജീവനക്കാർ പരിഭ്രാന്തിയിലായി.
ഉടൻ തന്നെ പോലീസ് കോടതിയും പരിസരവും ഒഴിപ്പിക്കുകയായിരുന്നു. എന്നാൽ രാവിലെ 8.49നു വന്ന ഇ- മെയിൽ സന്ദേശം ആരും തന്നെ കാണാതെ പോയത് ആശ്ചര്യ മായി. വൈകുന്നേരം നാലോടെ ജില്ലാ കോടതിയിനിന്ന് സന്ദേശം ലഭിച്ചതിന് ശേഷമാണ് മെയിൽ പരിശോധിച്ചത്. സന്ദേശത്തിൽ പറഞ്ഞപ്രകാരം സ്ഫോടനമോ മറ്റെന്തെങ്കിലുമോ നടന്നിരുന്നെങ്കിൽ വൻ ദുരന്തമായേനെ.