കുടപ്പനക്കുന്നില്‍ മൂന്നാംതവണയും പൈപ്പ് പൊട്ടി; എസി പൈപ്പെന്നു സൂചന
1542970
Wednesday, April 16, 2025 6:28 AM IST
പേരൂര്‍ക്കട: കുടപ്പനക്കുന്ന് ജംഗ്ഷനില്‍ വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് മൂന്നാംതവണയും പൊട്ടി ജലവിതരണം മുടങ്ങി. പേരൂര്‍ക്കടയില്‍നിന്നു മണ്ണന്തലയിലേക്കു വെള്ളമെത്തിക്കുന്ന എസി പൈപ്പാണ് പൊട്ടിയതെന്നാണു സൂചന.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. ഇത്തവണ കരാര്‍ തൊഴിലാളികളാണ് റോഡ് കുഴിച്ച് പൈപ്പിന്റെ പണി ആരംഭിച്ചിട്ടുള്ളത്. ജെസിബി ഉപയോഗിച്ച് റോഡ് കുഴിച്ചിട്ടില്ലാത്തതിനാല് ഒന്നരയാള്‍ താഴ്ചയില്‍ പോകുന്ന പൈപ്പ് കണ്ടെത്താനും അറ്റകുറ്റപ്പണി നടത്താനും സമയമെടുക്കും.
കുറച്ചുദിവസമായി പൈപ്പുപൊട്ടി ടാറിനു മുകളിലൂടെ ജലം ഒഴുകിക്കൊണ്ടിരുന്നുവെന്നും ഒഴുക്ക് ശക്തമായപ്പോള്‍ മാത്രമാണ് അറ്റകുറ്റപ്പണി ആരംഭിച്ചതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. 30 വര്‍ഷം കാലാവധിയുള്ള എസി പൈപ്പ് ഉദ്ദേശം നാലുകിലോമീറ്റര്‍ ദൂരത്തില്‍ റോഡിനടിയിലൂടെ കടന്നുപോകുന്നുണ്ട്. 38 വര്‍ഷം കാലാവധിയെത്തിയവയാണ് ഇവയില്‍ മിക്കവയും. കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലുമായി രണ്ടുതവണ ഈ ഭാഗത്ത് എസി പൈപ്പ് പൊട്ടുകയുണ്ടായി. അന്നു നിരവധി സ്ഥലങ്ങളിലാണ് മണിക്കൂറുകള്‍ കുടിവെള്ളം മുടങ്ങിയത്.
ഇപ്പോള്‍ പൊട്ടിയത് എസി പൈപ്പാണെങ്കില്‍ അറ്റകുറ്റപ്പണി നീളുമെന്നും ചെറിയ ഹൗസ് കണക്ഷനാണ് പൊട്ടിയതെങ്കില്‍ ഉടന്‍ പണി പൂര്ത്തീകരിക്കാനാകുമെന്നുമാണ് പേരൂര്‍ക്കട സെക്ഷന്‍ എ.ഇ പറയുന്നത്.