ഇഴജന്തുക്കളുടെ താവളമായി ആയുർവേദ ആശുപത്രി
1542971
Wednesday, April 16, 2025 6:28 AM IST
കാട്ടാക്കട: ആയുർവേദ മരുന്നുകൂട്ടുകളുടെ ഗന്ധം ഉയരേണ്ട ആശുപത്രി പരിസരത്ത് ഇപ്പോഴുള്ളത് തുരുന്പെടുത്ത ഇരുന്പിന്റെ ഗന്ധം. അധികൃതരുടെ അവഗണനയുടെ ഉദാഹരണമായി നിലകൊള്ളുകയാണു മാറനല്ലൂർ പഞ്ചായത്തിലെ ആയുർവേദ ആശുപത്രി.
ആശുപത്രിയുടെ ക്വാർട്ടേഴ്സ് ആകേണ്ടിയിരുന്നതിടത്താണ് മാറനല്ലൂരിന് അനുവദിച്ച പോലീസ് സ്റ്റേഷൻ താല്ക്കാലികമായി പ്രവർത്തിച്ചിരുന്നത്. ഇതിനുസമീപത്തെ ഷീറ്റുമേഞ്ഞ കെട്ടിടത്തിലാണ് പതിറ്റാണ്ടുകളായി ആയുർവേദ ആശുപത്രിയും പ്രവർത്തിക്കുന്നത്.
എട്ടുവർഷംമുമ്പ് മാറനല്ലൂർ പോലീസ് സ്റ്റേഷൻനിലവിൽ വന്നത് ആയുർവേദ ആശുപത്രിയോടു ചേർന്നു കിടക്കുന്ന ക്വാർട്ടേഴ്സിലായിരുന്നു. അന്നു പോലീസ് പിടിച്ചെടുത്തിരുന്ന വാഹനങ്ങൾ ഇപ്പോഴും ആയുർവേദ ആശുപത്രി വളപ്പിൽ തന്നെ കിടക്കുന്നു. പോലീസ് സ്റ്റേഷന് ഒടുവിൽ ശാപമോഷംകിട്ടി മറ്റൊരു സ്ഥലത്തേക്കുമാറ്റി. എങ്കിലും അക്കാലമത്രയും കേസുകളിൽപെട്ട് കിടന്ന നൂറോളം വാഹനങ്ങൾ ഒക്കെയും ഇപ്പോഴും തുരുമ്പിച്ചു ദ്രവിച്ചു ഇതിനുള്ളിൽ തന്നെകിടക്കുകയാണ്.
ചെടികൾ വളർന്ന് ഇഴജന്തുക്കൾ താവളമാക്കിയ ഇവിടെ ചികിത്സക്കെത്തുന്നവരുടെയും ജീവനക്കാരുടെയും പേടി സ്വപ്മമായിരിക്കുകയാണ്. തുരുമ്പിച്ച വാഹനങ്ങളിൽ മഴവെള്ളം കെട്ടിനിന്നു കൊതുകും കൂത്താടിയും കൂടിയായപ്പോൾ ആശുപത്രി പരിസരം രോഗം പരത്തുന്ന കേന്ദ്രമായി മാറിയിക്കുകയാണ്.
അരനൂറ്റാണ്ടോളം പഴക്കമുള്ള ആശുപത്രിൽ ഈ അവസ്ഥയിലും നൂറോളം രോഗികൾ വന്നു പോകുന്നുണ്ട്. ആശുപത്രി കൊണ്ടുവന്നു എന്നതൊഴിച്ചാൽ ഇന്നും കിടത്തി ചികിത്സയ്ക്കു സൗകര്യം ഒരുക്കിയിട്ടില്ല. പോലീസ് സ്റ്റേഷന്റെ ഒഴിഞ്ഞ കെട്ടിടത്തിൽ ചെറിയതോതിൽ ഉള്ള നവീകരണം നടത്തിയാൽ ഇവിടെ കിടത്തി ചികിത്സയ്ക്കുവേണ്ട സൗകര്യം ഒരുക്കാം.