ഭക്തിനിർഭരമായി ഓശാന ഞായര്‍ ആചരിച്ചു
1542710
Monday, April 14, 2025 6:18 AM IST
വിശുദ്ധ വാരത്തിനു തുടക്കമായി
തിരുവനന്തപുരം: ഓശാന ഞായര്‍ ആചരണത്തോടെ ദേവാലയങ്ങളില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്കു തുടക്കമായി. ഓശാന ഞായറിനോടനുബന്ധിച്ച് ഇന്നലെ നഗരത്തിലെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകളും കുരുത്തോല വിതരണവും നടന്നു. വിവിധ ദേവാലയങ്ങളില്‍ നടന്ന ഓശാനഞായര്‍ ശുശ്രൂഷകളില്‍ വിവിധ മതമേലധ്യക്ഷന്മാരും വൈദികരും കാര്‍മികത്വം വഹിച്ചു.
പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രലില്‍ ഓശാനയുടെ തിരുക്കര്‍മങ്ങള്‍ ഇന്നലെ രാവിലെ 6.30ന് ആരംഭിച്ചു. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാര്‍മികനായിരുന്നു. കുരുത്തോല വാഴ്വിന്റെ ശുശ്രുഷ, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന എന്നീ തിരുക്കര്മങ്ങളുണ്ടായിരുന്നു.
പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളിറ്റന്‍ കത്തീഡ്രലില്‍ ഇന്നലെ രാവിലെ ഏഴിന് ആരംഭിച്ച പൊന്തിഫിക്കല്‍ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകള്‍ക്കും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ മുഖ്യ കാര്‍മികനായിരുന്നു. രാവിലെ 5.45നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരുന്നു.
പിഎംജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ ഇന്നലെ രാവിലെ ഏഴിന് ആരംഭിച്ച ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്ക് ചങ്ങനാശേരി അതിരൂപത പ്രോട്ടോ സിഞ്ചെള്ളൂസ് ഫാ.ആന്റണി ഏത്തക്കാട്ട് മുഖ്യകാര്‍മികനായിരുന്നു. തിരുക്കര്മങ്ങളോടനുബന്ധിച്ച് കുരുത്തോല വെഞ്ചിരിപ്പും പളളിയിലേക്ക് പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു.
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ ഓശാന ഞായറിന്റെ തിരുക്കര്‍മങ്ങള്‍ ഇന്നലെ രാവിലെ 8.30ന് ആരംഭിച്ചു. റൊസാരിയന്‍ കോണ്‍വന്റ് ഗ്രോട്ടോയില്‍ ആരംഭിച്ച കുരുത്തോല വെഞ്ചിരിപ്പിലും പ്രദക്ഷിണത്തിലും ദിവ്യബലിയിലും വിശ്വാസികള്‍ പങ്കുകൊണ്ടു.
പാളയം സമാധാന രാജ്ഞി ബസിലിക്കയില്‍ ഇന്നലെ രാവിലെ 6.15ന് പ്രഭാത നമസ്കാരത്തോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. പ്രഭാത നമസ്കാരം, കുരുത്തോല വാഴ്വിന്റെ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന എന്നീ ശുശ്രൂഷകള്‍ക്ക് ബസിലിക്ക റെക്ടര്‍ ഫാ.നെല്‍സണ്‍ വലിയവീട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
വഴുതക്കാട് കാര്‍മല്‍ ഹില്‍ ആശ്രമ ദേവാലയത്തില്‍ ഓശാന ഞായറിന്റെ തിരുക്കര്‍മങ്ങള്‍ ഇന്നലെ രാവിലെ 6.30ന് ആരംഭിച്ചു. ഒസിഡി മലബാര്‍ പ്രൊവിന്‍സ് പ്രോവിന്‍ഷ്യാള്‍ റവ.ഡോ. പീറ്റര്‍ ചക്യത്ത് ഒസിഡി മുഖ്യ കാര്‍മികത്വം വഹിച്ചു. കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ആഘോഷമായ ദിവ്യബലി എന്നിവയുണ്ടായിരുന്നു. രാവിലെ ഒന്‍പതിനും 11ന് ഇംഗ്ലീഷിലും ഉച്ചകഴിഞ്ഞ് നാലിനും 5.30നും ഏഴിനും വിശുദ്ധ കുര്ബാനയുണ്ടായിരുന്നു.
മണ്ണന്തല സെന്റ് ജോണ്‍ പോള്‍ രണ്ടാമന് മലങ്കര കത്തതലിക്കാ ദേവാലയത്തില്‍ ഇന്നലെ രാവിലെ 6.30ന് ആരംഭിച്ച പ്രഭാത നമസ്കാരം, കുരുത്തോല വാഴ്വ് ശുശ്രൂഷ, വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് ഫാ. ജോണ്‍ കുറ്റിയില്‍ മുഖ്യ കാര്മികന് ആയിരുന്നു.
ബാര്‍ട്ടന്‍ഹില്‍ വിശുദ്ധ പത്താം പിയൂസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ഇന്നലെ രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, കുരുത്തോല വെഞ്ചരിപ്പ് എന്നീ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു.
പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സിറിയന്‍ കത്തീഡ്രലില്‍ ഓശാനയുടെ തിരുക്കര്‍മങ്ങള്‍ ഇന്നലെ രാവിലെ ആറിന് ആരംഭിച്ചു. ഏഴിന് വിശുദ്ധ കുര്‍ബാനയും വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരവും ഉണ്ടായിരുന്നു.
നെടുമങ്ങാട് വിശുദ്ധ ജെറോം മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ ഇന്നലെ രാവിലെ എട്ടിന് പ്രഭാത പ്രാര്‍ഥനയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. കുരുത്തോല വാഴ്വ്, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന എന്നീ തിരുക്കര്മങ്ങളുണ്ടായിരുന്നു.
വലിയതുറ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ ഇന്നലെ രാവിലെ 6.30ന് കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം തുടര്‍ന്ന് ദിവ്യബലിയും നടന്നു.
മുട്ടട ഹോളിക്രോസ് ദേവാലയത്തിലെ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ ഇന്നലെ രാവിലെ 6.45ന് ആരംഭിച്ചു. കുരിശടിയില്‍ കുരുത്തോല വെഞ്ചിരിപ്പും കുരുത്തോല പ്രദക്ഷിണവും നടന്നു.
ശ്രീകാര്യം എമ്മാവൂസ് ദേവാലയത്തില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ ഇന്നലെ രാവിലെ 6.30ന് ആരംഭിച്ചു. കുരുത്തോല വെഞ്ചിരിപ്പും കുരുത്തോല പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു.
പുന്നന്‍ റോഡിലുള്ള സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സിംഹാസന കത്തീഡ്രലില്‍ ഇന്നലെ രാവിലെ 6.30ന് പ്രഭാത നമസ്കാരം, 7.30ന് ഓശാന ശുശ്രൂഷ, വിശുദ്ധ കുര്‍ബാന എന്നീ തിരുക്കര്‍മങ്ങള്‍ നടന്നു.
വട്ടിയൂര്‍ക്കാവ് എസ്എഫ്എസ് ദേവാലയത്തില്‍ ഇന്നലെ രാവിലെ എട്ടിന് ഓശാന ഞായറിന്റെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു.
നെയ്യാറ്റിന്‍കര അമലോത്ഭവ മാതാ കത്തീഡ്രലില്‍ ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ ഓശാന തിരുകര്‍മങ്ങള്‍ക്കു മുഖ്യ കാര്‍മികത്വം വഹിച്ചു. കുരിശടി ജംക്ഷനില്‍ കുരുത്തോല ആശീര്വദിച്ചതിനെ തുടര്‍ന്ന് നടന്ന പ്രദക്ഷിണം ബസ് സ്റ്റാന്‍ഡ് ജംക്ഷനിലൂടെ ആലുംമൂട്ടിലെത്തി തിരികെ കോണ്‍വന്റ് റോഡിലൂടെ ദേവാലയത്തില്‍ സമാപിച്ചു.
സഹമെത്രാന്‍ ഡോ.സെല്വരാജന് പത്തനാവിള സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുകര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികനായി.
ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തില്‍ ഇടവക വികാരി ഫാ.വിക്ടര്‍ എവരിസ്റ്റസും കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ഇടവക വികാരി ഫാ.പിയോയും കുരുത്തോല പ്രദക്ഷിണത്തിന് നേതൃത്വം നല്‍കും.
വ്ളാത്താങ്കര സ്വര്ഗാരോപിത മാതാ ദേവാലയത്തില്‍ ഫാ. സി. ജോയിയും തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയത്തില്‍ ഇടവക വികാരി ഫാ.ജോയി മത്യാസും മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തില്‍ ഫാ.തോമസ് ഈനോസും തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി.