പൊന്നാംചുണ്ട്- താവയ്ക്കൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷം
1542972
Wednesday, April 16, 2025 6:28 AM IST
വിതുര: വിതുര പഞ്ചായത്തിലെ പൊന്നാം ചുണ്ട്- ഇറച്ചിപ്പാറ- താവയ്ക്കൽ പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷം. രാത്രികളിൽ മണലിവനത്തിൽനിന്ന് താവയ്ക്കൽ കടവിനു സമീപത്തുകൂടി ഇറച്ചി പാറ- പൊന്നാംചൂണ്ട് പ്രദേശങ്ങളിലിറങ്ങി കൃഷിനാശം വരുത്തുന്നതു നിത്യസംഭവമാണ്.
തോട്ടം മേഖലയിൽ പണിയെടുക്കുന്നവരാണ് ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ. ഇവിടെയുള്ള തൊഴിലാളികൾക്ക് കാട്ടാനയെ ഭയന്നു ടാപ്പിംഗിനുപോലും പോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. താവയ്ക്കൽ എസ്റ്റേറ്റിൽ മണലി കൂപ്പുവനത്തിനോടു ചേർന്ന കഴുതകോൺ പ്രദേശത്തു കാട്ടാനകൾ സ്ഥിരമായി നിലയുറപ്പിക്കാറുണ്ട്.
കഴിഞ്ഞദിവസ ടാപ്പിങ്ങിനു പോയ തൊഴിലാളികളെ ആന വിരട്ടി ഓടിച്ചിരുന്നു. സമീപപ്രദേശങ്ങളിലേക്ക് ജോലിക്കു പോകുന്നവരും വിദ്യാർഥികളും നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോകുന്നവരും കാട്ടാന, കാട്ടുപോത്ത് എന്നിവരുടെ ശല്യത്താൽ പൊറുതിമുട്ടുകയാണ്.
കഴിഞ്ഞ ദിവസം ഇറച്ചിപ്പാറ സ്വദേശികളായ കുഞ്ഞുമോൻ, ആരിഫ, പ്രസന്ന, പ്രദീപ് എന്നിവരുടെ പുരയിടങ്ങളിൽ കാട്ടാന ഇറങ്ങി കൃഷിവിളകൾ നശിപ്പിച്ചിരുന്നു. എന്നാൽ വന്യമൃഗശല്യത്തിനെതിരേ വനപാലകർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു.
വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നു സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ,വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ജി. ആനന്ദ്, പഞ്ചായത്ത് അംഗം എസ്. രവികുമാർ തുടങ്ങിയവർ ആവശ്യപ്പെട്ടു.