സമൃദ്ധിയുടെ വിഷു, കണിയൊരുക്കി ക്ഷേത്രങ്ങള്‍
1542731
Monday, April 14, 2025 6:30 AM IST
പാപ്പനംകോട് രാജന്
നേമം: സമൃദ്ധിയുടെ പൊന്നണിഞ്ഞ് വീണ്ടുമൊരു വിഷുക്കാലം കൂടിയെത്തുമ്പോള്‍ മലയാളിയുടെ ഗൃഹാതുരത നിറഞ്ഞ ഓര്‍മ്മകള്‍ക്ക് വീണ്ടും പൊന്‍തിളക്കം. മണ്ണും മനുഷ്യനും തമ്മിലുള്ള വൈകാരിക ബന്ധം കൂടിയാണ് വിഷു.
ഐശ്വര്യത്തിന്റെയും ഫല സമൃദ്ധിയുടെയും ഒരു വര്‍ഷം കര്‍ഷകന്റെ മനസുകളിലും പുത്തന്‍ പ്രതീക്ഷകളുടെ പുതുവര്‍ഷമായിരിക്കും. മണ്ണിന്റെ ഭൂമിയുടെ മാതൃത്വം വീണ്ടെടുക്കുന്നതാണ് ഒരോ വിഷുവും. സമ്പല്‍ സമൃദ്ധിയുടെ നാളുകളെ പ്രാര്‍ത്ഥനപൂര്‍വം കണി കണ്ടുണരുന്ന കേരളീയ സമൂഹത്തിന്റെ നേര്‍ക്കാഴ്ചകൂടിയാണ് ഒരോ വിഷുക്കണിയും . വിഷുവിന്റെ വരവ് അറിയിച്ച് നാടെങ്ങും കൊന്നപ്പൂക്കള്‍ പൂത്തുതളിര്‍ത്തു.
സമൃദ്ധിയുടെ പ്രതീകമായാണ് മലയാളികള്‍ കണിക്കൊന്നയെ ദര്‍ശിക്കുന്നത്. കണിയൊരുക്കാന്‍ നാട്ടുമാവില്‍ നിന്നും മാങ്ങയും കശുമാവും ; ചക്കയും പറിച്ചെടുത്ത കാലം മലയാളിക്ക് അന്യമായിരിക്കുന്നു. ഇവയെല്ലാം വിപണിയില്‍ നിന്നും വാങ്ങേണ്ടക്കാലം. മലയാളിക്ക് വിഷുകണിയൊരുക്കാനും പ്ലാസ്റ്റിക്ക് കണികൊന്നകള്‍ വിപണയില്‍.
പ്ലാസ്റ്റിക്ക് പച്ച തണ്ടില്‍ ഒരു തരം മഞ്ഞ തുണിയിലാണ് കൃത്രിമ കണിക്കൊന്നകള്‍ തയാറാക്കിയിരിക്കുന്നത്. കണിയും കൈനീട്ടവും, സദ്യയുമാണ് വിഷുവിന്റെ പ്രത്യേകത. സൂര്യോദയത്തിന് മുമ്പ് സംക്രമ മുഹൂര്‍ത്തം വന്നാല്‍ ആ ദിവസവും ഉദയ ശേഷം വന്നാല്‍ പിറ്റേ ദിവസവുമാണ് വിഷു ആഘോഷിക്കുക.
വിഷു ദിവസം അലങ്കരിച്ച ശ്രീകൃഷ്ണ വിഗ്രഹത്തിനുമുന്നില്‍ കൊന്നപ്പൂക്കളും കാഴ്ചയ്ക്ക് മംഗളകരമായ ദ്രവ്യങ്ങളും സ്വര്‍ണ്ണാഭരണവും നിലവിളക്കും ഫലങ്ങളും വച്ച് കണികാണുന്നു. വിഷുവിന് പുലര്‍ച്ചെ വീട്ടിലെ മുതിര്‍ന്നവര്‍ മറ്റംഗങ്ങളെ കണ്ണ് പൊത്തി ഒരു വര്‍ഷത്തിന്റെ നന്മയിലേക്ക് കണിക്കാണിക്കും.
പിന്നീട് എല്ലാവര്ക്കും കൈനീട്ടം നല്‍കും. വിഷുക്കണി കണ്ടാല്‍ ഒരു വര്‍ഷക്കാലം സര്‍വ ഐശ്വര്യങ്ങളും നിറഞ്ഞതായിരിക്കും എന്നാണ് സങ്കല്‍പ്പം. വിവിധ ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളില്‍ വിഷുക്കണി ദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. തൃക്കണ്ണാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ജഗതി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ വിഷു ആഘോഷങ്ങള്‍ നടക്കും.