വീട്ടുകാർ ബന്ധുവീട്ടിൽപോയ നേരത്ത് വീട് കുത്തിത്തുറന്ന് മോഷണം: രണ്ടു യുവാക്കൾ പിടിയിൽ
1542981
Wednesday, April 16, 2025 6:43 AM IST
വിഴിഞ്ഞം: വീട്ടുകാർ ബന്ധുവീട്ടിൽ പോയ തക്കംനോക്കി വീടു കുത്തിത്തുറന്നു മോഷണ നടത്തിയ രണ്ടു പേർ പോലീസ് പിടിയിൽ. വിഴിഞ്ഞം ആമ്പൽകുളം പുല്ലൂർക്കോണം മാസ് മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ഷാഹുൽ അമീന്റെ വീട്ടിൽ മോഷണം നടത്തിയ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശികളായ ഹാഷിം (21), നജിബുദീൻ (22) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഇലട്രോണിക്സ് ഉപകരണങ്ങളാണ് അപഹരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 8.30 ഓടെ വീട്ടുക്കാർ എല്ലാവരും പാലോട് ബന്ധുവീട്ടിൽ പോയിരുന്നു. ഞായറാഴ്ച രാത്രിയോടെ തിരിച്ചെത്തിയ സമയത്താണ് മോഷണം നടന്നതായി അറിയുന്നത്. തുടർന്നു വിഴിഞ്ഞം പോലീസിനെ വിവരമറിയിച്ചു.
പോലീസെത്തി വീട്ടുക്കാരുമായി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിക ളിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ്, രണ്ട് സ്മാർട്ട് വാച്ച്, രണ്ട് മൊബൈൽ ഫോൺ, ബ്ലൂടുത്ത് ഹെഡ്സെറ്റ്, ഒരു പവ്വർ ബാങ്ക്, ട്രിമ്മർ, രണ്ട് ഈയർ ബഡ്സ് എന്നിവ മോഷണം പോയതായി കണ്ടെത്തിയത്. എന്നാൽ ഹാളിൽ ഉണ്ടായിരുന്ന ടേബിളിനു പുറത്ത് സൂക്ഷിച്ചിരുന്ന പണം അവിടെ തന്നെ ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു.
വിഴിഞ്ഞം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെ വിഴിഞ്ഞത്തുനിന്നു നിരവധി കേസിലെ പ്രതികളായ സംഘം പിടിയിലാവുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.