വിഷുകൈനീട്ടത്തിന്റെ ഓർമയിൽ ആദിവാസി സമൂഹം, ഇപ്പോൾ കാണിക്ക കാട്ടുദൈവത്തിന്
1542726
Monday, April 14, 2025 6:24 AM IST
കോട്ടൂർ: വിഷുകൈനീട്ടത്തിന്റെ കാട്ടുതേനും, നെല്ലിക്കയും തിനയും തിനമാവും ചേനയും ചേമ്പും ഒക്കെ അടങ്ങുന്നതാണ് ഇവരുടെ കാണിക്ക. മാസങ്ങളായി വനത്തിൽ അലഞ്ഞ് ശേഖരിക്കുന്ന തേൻ, അഗസ്ത്യവനത്തിന്റെ അടിവാരത്തിൽ നിന്നും വെട്ടിയെടുത്ത ചൂരൽ കൊണ്ട് നിർമ്മിച്ച കുട്ട, വട്ടി, മുറം എന്നിവയാണ് മറ്റ് ഒരിനം കാണിക്ക. കരനെല്ലാണ് ഇവരുടെ ഒരിനം.
കാട് മാറ്റി വ്യത്തിയാക്കിയ ഭാഗത്ത് വിതയ്ക്കുന്ന നെല്ല് കൊയ്താണ് സ്വാദിഷ്ടമായ കരനെല്ല് ഉണ്ടാക്കുന്നത്. കാട്ടിൽ നിന്നും സംഘടിപ്പിച്ച കിഴങ്ങു വർഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. കാട്ടിലെ മൃഗങ്ങളുടെ ഇറച്ചിയും ചേർത്താൽ കാണിക്ക റെഡി.
ഈ കാണിക്കയുമായി കാട്ടുമൂപ്പന്റെ നേത്യത്വത്തിൽ കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘവുമായി വിഷു ദിനത്തിൽ യാത്രയാകും. വിഷു ദിനത്തിൽ രാജാവ് തങ്ങുന്നത് പൊൻമുടിയിലെ കൊട്ടാരത്തിലാണ്. ഇപ്പോൾ പോലീസിന്റെ വയർലെസ് സ്റ്റേഷനായി പ്രവർത്തിക്കുന്ന കൊട്ടാരത്തിൽ എത്തി കാണിക്കാർ കാണിക്ക വയ്ക്കും.
തിരുവിതാംകൂറിന് മുൻപ് വേണാട് രാജവംശം ഭരിച്ചിരുന്ന കാലത്താണ് രാജാവിന് കാണിക്ക അർപ്പിക്കുന്ന സമ്പ്രദായം തുടങ്ങിയത്. ഇവരെ കാട്ടിലെ അരചൻ( രാജാവ്) ആയിട്ടാണ് നിയമിച്ചിരുന്നത്. എന്നാൽ രാജാധികാരം പോയി ജനാധിപത്യം വന്നപ്പോൾ കാണിക്ക എന്ന സമ്പ്രദായം പതിയെ നിന്നു.
എന്നാൽ വിഷു ദിനത്തിൽ പഴയ സ്മരണയിൽ കാട്ടുദൈവത്തിന് കാണിക്ക വച്ച് മടങ്ങും. ഇന്നലെ കാട്ടുദൈവത്തിന് പടുക്ക വച്ച് കാണിക്കാർ മടങ്ങി.