വിഷുവിന് രാജീവ് ആദികേശവിന്റെ സംഗീതാര്‍ച്ചന
1542729
Monday, April 14, 2025 6:24 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇക്കുറിയും വിഷു ദിനത്തില്‍ പതിവു തെറ്റിക്കാതെ പ്രശസ്ത സംഗീതജ്ഞന് രാജീവ് ആദികേശവിന്റെ അഖണ്ഡനാമ സംഗീതാര്‍ച്ചന. ഇന്ന് രാവിലെ അഞ്ചിന് ആരംഭിക്കുന്ന സംഗീതാര്‍ച്ചന വൈകുന്നേരം അഞ്ചിനാണ് സമാപിക്കുക.
കഴിഞ്ഞ എട്ടു വര്‍ഷമായി വിഷു ദിനത്തില്‍ നെയ്യാറ്റിന്‍കര നവനീത കണ്ണന്റെ മുന്നില്‍ രാജീവ് ആദികേശവ് സംഗീതാര്‍ച്ചന നടത്തിവരുന്നു. ആദ്യ തവണ രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറു വരെയായിരുന്നു സംഗീതാര്‍ച്ചന.
തൊട്ടടുത്ത വര്‍ഷം രാവിലെ അഞ്ചു മുതല്‍ വൈകുന്നേരം ആറു വരെയായി. പിന്നീട് തുടര്‍ച്ചയായി 18 മണിക്കൂര്‍ സംഗീതാര്‍ച്ചനയും നടത്തിയ ചരിത്രം ഈ കലാകാരന് സ്വന്തം. ശാസ്ത്രീയ- അര്‍ധ ശാസ്ത്രീയ ഗാനങ്ങളും കീര്‍ത്തനങ്ങളുമെല്ലാം അടങ്ങിയതാണ് സംഗീതാര്‍ച്ചന. മൃദംഗവിദ്വാനായിരുന്ന എന്‍.പി രാമന്‍നായരുടെയും കെ. സരസ്വതിയമ്മയുടെയും മകനായ രാജീവ് ആദികേശവിന്റെ പ്രഥമ ഗുരു തിരുവട്ടാര്‍ എന്‍.പി രവീന്ദ്രന്‍നായരാണ്.
പിതൃസഹോദരനായ അദ്ദേഹത്തിന്റെ ശിക്ഷണത്തോടൊപ്പം തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്നും സംഗീതത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചൂണ്ടിക്കല്‍ ശ്രീഭദ്രകാളി ക്ഷേത്രത്തിലായിരുന്നു രാജീവ് ആദികേശവിന്റെ അരങ്ങേറ്റം.