വിഷുക്കൈനീട്ടവുമായി ഹസനെത്തി; പുഞ്ചിരിയോടെ സ്വീകരിച്ച് ജഗതി
1542982
Wednesday, April 16, 2025 6:43 AM IST
തിരുവനന്തപുരം: ചലച്ചിത്രതാരം ജഗതി ശ്രീകുമാറിനു വിഷു കൈനീട്ടം സമ്മാനിച്ച് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. പേയാട് കാട്ടുവിളയുള്ള ജഗതി ശ്രീകുമാറിന്റെ വസതിയിലെത്തിയാണ് ഹസൻ വിഷുക്കൈനീട്ടം നൽകിയത്.
ജഗതി ശ്രീകുമാറിന്റെ ഭാര്യയും മകളും ചേർന്ന് എം.എം. ഹസനെ സ്വീകരിച്ചു. പൂർവകാല സ്മരണകൾ എം.എം. ഹസൻ പങ്കുവച്ചപ്പോൾ ചെറുപുഞ്ചിരിയോടെ ജഗതി അതിനെല്ലാം തലകുലുക്കി. ഉൗഷ്മളമായ സുഹൃദ് ബന്ധത്തിന്റെ കൂടിച്ചേരൽ കൂടിയായി ഇരുവരുടെയും സംഗമം.
ദീർഘകാലം എം.എം. ഹസന്റെ അയൽവാസിയും സുഹൃത്തുമായ ജഗതി ശ്രീകുമാറിനു വിഷുദിനത്തിൽ കൈനീട്ടം നൽകുന്നത് പതിവായിരുന്നു. കോവിഡ് കാലത്തെ നിയന്ത്രണങ്ങളിൽ ഒഴികെ ആ പതിവു തെറ്റാതെ തുടരുകയും ചെയ്തു. വിദ്യാർഥി ജീവിതകാലത്തു തുടങ്ങിയ ആത്മബന്ധമാണു ജഗതി ശ്രീകുമാറും എം.എം. ഹസനുമായുള്ളത്. അത് ഇന്നും കോട്ടം വരാതെ ഇരുവരും കാത്തുസൂക്ഷിക്കുന്നു. കലാലയ ജീവിതകാലഘട്ടത്തിലെ ഓർമകളുടെ പുനഃസമാഗമം കൂടിയായി ഇരുവരുടെയും കൂടിക്കാഴ്ച.
പണ്ടു യൂണിവേഴ്സിറ്റി ചെയർമാനെന്ന നിലയിൽ എം.എം. ഹസൻ കലോത്സവത്തിൽ വിജയികളായവരെയുംകൊണ്ട് അഖിലേന്ത്യ പര്യടനം പോയപ്പോഴാണ് ജഗതി ശ്രീകുമാറുമായുള്ള സുഹൃത്ത് ബന്ധം ദൃഢപ്പെട്ടത്. ചലച്ചിത്രതാരം നെടുമുടി വേണുവും അന്ന് ഇതേ സംഘത്തിലുണ്ടായിരുന്നു. കലാലയ ജീവിതത്തിനുശേഷം ജഗതി ശ്രീകുമാർ സിനിമാ മേഖലയിലും എം.എം. ഹസൻ രാഷ്ട്രീയരംഗത്തും സജീവമായപ്പോഴും ഇരുവരും തമ്മിലുള്ള ആത്മസൗഹൃദത്തിന് ഒരു ഉലച്ചിലും സംഭവിച്ചില്ല.
അപ്രതീക്ഷിതമായ അപകടത്തെ തുടർന്നു വിശ്രമത്തിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ പിറന്നാൾ ദിനത്തിലും ഓണനാളിലും എം.എം. ഹസൻ സന്ദർശിച്ചു സമ്മാനങ്ങൾ കൈമാറുമായിരുന്നു.