വിശുദ്ധ വാരത്തിനു നാളെ തുടക്കം; ഓശാന ഞായറിനൊരുങ്ങി ദേവാലയങ്ങള്‍
1542085
Saturday, April 12, 2025 6:37 AM IST
തിരുവനന്തപുരം: ഓശാന ഞായറിന്റെ തിരുക്കര്‍മങ്ങള്‍ക്കായി ദേവാലയങ്ങള്‍ ഒരുങ്ങി. ഓശാന ഞായറിനോടനുബന്ധിച്ച് നാളെ നഗരത്തിലെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകളും കുരുത്തോല വെഞ്ചരിപ്പും നടക്കും. ഓശാന ആചരണത്തോടെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്കു തുടക്കമാകും. വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന ഓശാനഞായര്‍ ശുശ്രൂഷകളില്‍ വിവിധ മതമേലധ്യക്ഷന്മാര് കാര്‍മികത്വം വഹിക്കും.
പട്ടം സെന്റ്് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രലില്‍ ഓശാനയുടെ തിരുക്കര്‍മങ്ങള്‍ നാളെ രാവിലെ 6.30ന് ആരംഭിക്കും. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോ ലിക്കാബാവ മുഖ്യകാര്‍മികനായിരിക്കും. കുരുത്തോലവാഴ്വിന്റെ ശുശ്രുഷ, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന എന്നീ തിരുക്കര്‍മങ്ങളുണ്ടാകും. വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാനയുണ്ടാകും.
പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളിറ്റന്‍ കത്തീഡ്രലില്‍ നാളെ രാവിലെ ഏഴിന് ആരംഭിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകള്‍ക്കും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.തോമസ് ജെ. നെറ്റോ മുഖ്യ കാര്‍മികനായിരിക്കും. രാവിലെ 5.45നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന ഉണ്ടാകും.
പിഎംജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ നാളെ രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന.
രാവിലെ ഏഴിന് ആരംഭിക്കുന്ന ഓശാന ഞായറിന്റെ തിരുക്കര്‍മങ്ങള്‍ക്ക് ചങ്ങനാശേരി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ.ആന്റണി ഏത്തക്കാട്ട് മുഖ്യകാര്‍മികനായിരിക്കും. തിരുക്കര്മങ്ങളോടനുബന്ധിച്ച് കുരുത്തോല വെഞ്ചിരിപ്പും പള്ളി യിലേക്ക് പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും ഉണ്ടാ യിരിക്കും. ഓശാന ഞായറിനോടനുബന്ധിച്ച് നാളെ രാവിലെ 11നും വൈകുന്നേരം അഞ്ചിനും 6.30നും വിശുദ്ധ കുര്‍ബാനയുണ്ടാകും.
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ ഓശാന ഞായറിന്റെ തിരുക്കര്‍മങ്ങള്‍ നാളെ രാവിലെ 8.30ന് റൊസാരിയന്‍ കോണ്‍വന്റ് ഗ്രോട്ടോയില്‍ ആരംഭിക്കും. കുരുത്തോല വെഞ്ചിരിപ്പും പ്രദക്ഷിണവും ദിവ്യബലിയും ഉണ്ടാകും.
പാളയം സമാധാന രാജ്ഞി ബസിലിക്കയില്‍ നാളെ രാവിലെ 6.15ന് പ്രഭാതനമസ്കാരത്തോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിക്കും. പ്രഭാത നമസ്കാരം, കുരുത്തോല വാഴ്വിന്റെ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന എന്നീ ശുശ്രൂഷകള്‍ക്ക് ബസിലിക്ക റെക്ടര്‍ ഫാ.നെല്‍സണ്‍ വലിയവീട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം.
വഴുതക്കാട് കാര്‍മല്‍ ഹില്‍ ആശ്രമ ദേവാലയത്തില്‍ ഓശാന ഞായറിന്റെ തിരുക്കര്‍മങ്ങള്‍ നാളെ രാവിലെ 6.30ന് ആരംഭിക്കും. കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ആഘോഷമായ ദിവ്യബലി എന്നിവയുണ്ടാകും. രാവിലെ ഒന്‍പതിനും 11ന് ഇംഗ്ലീഷിലും ഉച്ചകഴിഞ്ഞ് നാലിനും 5.30നും ഏഴിനും വിശുദ്ധ കുര്‍ബാനയുണ്ടാകും.
മണ്ണന്തല സെന്റ് ജോണ്‍ പോള്‍ രണ്ടാമന് മലങ്കര കാത്തലിക്കാ പള്ളിയില്‍ നാളെ രാവിലെ 6.30ന് പ്രഭാത നമസ്കാരം, കുരുത്തോല വാഴ്വ് ശുശ്രൂഷ, വിശുദ്ധ കുര്‍ബാന. മുഖ്യ കാര്മികന് ഫാ. ജോണ്‍ കുറ്റിയില്‍.
ബാര്‍ട്ടന്‍ഹില്‍ വിശുദ്ധ പത്താം പിയൂസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ നാളെ രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, കുരുത്തോല വെഞ്ചരിപ്പ്. വികാരി ഫാ. മിഥുൻ വലിയ പുളിഞ്ചാ ക്കിൽ മുഖ്യകാർമികനാകും.
പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സിറിയന്‍ കത്തീഡ്രലില്‍ ഓശാനയുടെ തിരുക്കര്‍മങ്ങള്‍ നാളെ രാവിലെ ആറിന് ആരംഭിക്കും. ഏഴിന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം.
നെടുമങ്ങാട് വിശുദ്ധ ജെറോം മലങ്കര കത്തോലിക്കാ പള്ളിയി ൽ നാളെ രാവിലെ എട്ടിന് പ്രഭാത പ്രാര്‍ഥനയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിക്കും. കുരുത്തോല വാഴ്വ്, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന എന്നീ തിരുക്കര്മങ്ങളുണ്ടായിരിക്കും.
വലിയതുറ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിൽ നാളെ രാവിലെ 6.30ന് കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം തുടര്‍ന്ന് ദിവ്യബലി.
നെയ്യാറ്റിന്‍കര അമലോത്ഭവ മാതാ കത്തീഡ്രലില്‍ ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍ നാളെ രാവിലെ ഏഴിന് ഓശാന തിരുകര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും. കുരിശടി ജംഗ്ഷനില്‍ കുരുത്തോല ആശീര്‍വദിക്കും. തുടരന്നു നടത്തുന്ന പ്രദക്ഷിണം ബസ് സ്റ്റാന്‍ഡ് ജംഗ്ഷനിലൂടെ ആലുംമൂട്ടിലെത്തി തിരികെ കോണ്‍വന്റ് റോഡിലൂടെ ദേവാലയത്തില്‍ സമാപിക്കും. തുടര്‍ന്ന് ദിവ്യബലി.
പാറശാല മലങ്കര കത്തോലിക്കാ രൂപതയിലെ കുടയാല്‍ ജപമാല പള്ളിയിൽ രാവിലെ 8.30ന് ബിഷപ് തോമസ് മാര്‍ യൗസേബിയൂസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഓശാന തിരുക്കര്‍മങ്ങള്‍ നടത്തും.
പനയംമൂല ലൂര്‍ദുമാതാ ദേവാലയത്തില്‍ നടത്തുന്ന ചടങ്ങുകള്‍ക്ക് രൂപതയുടെ വികാരി ജനറാൾ മോണ്‍. ജോസ് കോന്നാ ത്തുവിള നേതൃത്വം നല്‍കും.അമ്പൂരി സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ രാവിലെ 6.30ന് ഇടവക വികാരി ഫാ.സോണി കരുവേലിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍.
നെയ്യാറ്റിന്‍കര രൂപതയുടെ തീര്‍ഥാടന കേന്ദ്രങ്ങളായ ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തില്‍ ഇടവക വികാരി ഫാ.വിക്ടര്‍ എവരിസ്റ്റസും കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ഇടവക വികാരി ഫാ.സജി തോമസും കുരുത്തോല പ്രദക്ഷിണത്തിന് നേതൃത്വം നല്‍കും.
വ്ളാത്താങ്കര സ്വര്ഗാരോപിത മാതാ ദേവാലയത്തില്‍ ഫാ. ജോയി സിയും തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയത്തില്‍ വികാരി ഫാ.ജോയി മത്യാസും മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തില്‍ ഫാ.ജോണ്‍ കെ പൊന്നൂസും നേതൃത്വം നല്‍കും.
നെയ്യാറ്റിന്‍കര രൂപതയിലെ തൈലപരികര്‍മ്മ ബലി തിങ്കളാഴ്ച വൈകുന്നേരം ഏഴിനു കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും.
മാരായമുട്ടം സോവർഹിൽ ലൂഥറൻ ചർച്ചിൽ ഓശാനയുടെ തിരുകർമ്മങ്ങൾ നാളെ രാവിലെ 7. 30ന് ആരംഭിക്കും. ഘോഷയാത്രയും തുടർന്ന് ആരാധനയും ഉണ്ടായിരിക്കും.