നിക്ഷേപ തുക തിരിച്ചുകിട്ടാതെ ചികിത്സ മുടങ്ങി മരിച്ച സുരേഷിന്റെ മൃതദേഹം സംസ്കരിച്ചു
1542088
Saturday, April 12, 2025 6:37 AM IST
നേമം: നേമം ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം കിട്ടാത്തതിനെ തുടർന്നു ചികിത്സ മുടങ്ങി മരിച്ച നേമം ശാന്തിവിള കുരുമി സ്വദേശി സുരേഷി (60) ന്റെമൃതദേഹം ഇന്നലെ ഉച്ചയ്ക്ക് ശാന്തി കവാടത്തിൽ സംസ്കരിച്ചു.
കരളിൽ കുരുക്കൾ വന്നതിനെതുടർന്നു കഴിഞ്ഞ രണ്ടു വർഷമായി സുരേഷ് ചികിത്സയിലായിരുന്നു. ചികിത്സാ ചെലവിനായി മക്കൾ ലോണെടുത് നൽകിയ 10 ലക്ഷം രൂപ സുരേഷ് മറ്റൊരു ബാങ്കിൽ നിക്ഷേപിച്ചിരുന്നു. നേമം ബാങ്ക് മുൻ സെക്രട്ടറി രാജേന്ദ്രൻ ഇടപെ ട്ട് അവിടെനിന്നും നിക്ഷേപം നേമം ബാങ്കിലേയ്ക്ക് മാറ്റുകയായിരുന്നു.
പിന്നീട് രോഗം മൂർഛിച്ച സുരേഷിനേയും കൊണ്ട് ആംബുലൻസിൽ ബാങ്ക് പ്രസിഡന്റിന്റെ വീട്ടിൽ കൊണ്ടുപോയതിനെ തുടർന്നു രണ്ടു തവണയായി അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നു. ബാക്കി അഞ്ചു ലക്ഷം രൂപ കിട്ടിയിരുന്നില്ല. ഇതോടെ ശസ്ത്രക്രിയ മുടങ്ങിയ സുരേഷ് രണ്ടു ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാവിലെയാണ് മരിച്ചത്.
സുരേഷിന്റെ മരണത്തിൽ ബാങ്ക് അധികാരികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നു നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാനും കൺവീനർ കൈമനം സുരേഷും ആവശ്യപ്പെട്ടു.