തേക്കുപാറ സെന്റ് മേരീസ് പള്ളിയുടെ വെഞ്ചരിപ്പും മദ്ബഹാ കൂദാശയും നാളെ
1541776
Friday, April 11, 2025 6:40 AM IST
അന്പൂരി: സഹൃപർവത മലമടക്കുകളിൽ കുടിയേറ്റത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ പിന്നിടുന്ന തേക്കുപാറ സെന്റ് മേരീസ് പള്ളി പുതുമോടിയിൽ. നവീകരിച്ച ദേവാലയത്തിന്റെ കൂദാശ കർമം 12ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ നിർവഹിക്കും.
1930 കളിൽ മലയോര മേഖലയിൽ വന്യമൃഗത്തോടും പ്രകൃതിയോടും രോഗത്തോടും പോരാടി കേരളതമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ ഒരു പുതിയ കുടിയേറ്റം രൂപമെടുത്തിരുന്നു. ഇതിന്റെ കേന്ദ്രം അമ്പൂരി എന്ന പ്രദേശമായിരുന്നു. അമ്പൂരി കേന്ദ്രീകരിച്ച് നടന്ന കാർഷിക കുടിയേറ്റം പിന്നീട് സമീപ പ്രദേശങ്ങളായ മായം, തേക്കുപാറ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.
1955 ഏപ്രിൽ 29ന് വിശുദ്ധ പത്താം പീയൂസ് പാപ്പ ’മുൾത്തോരും ഫിദേലിയം’ എന്ന തിരുവെഴുത്ത് വഴി ചങ്ങനാശേരി അതിരൂപതയുടെ പ്രവർത്തനമേഖല തമിഴ്നാട്ടിലെ കന്യാകുമാരി വരെ വ്യാപിപ്പിക്കുക വഴി ഈ പ്രദേശങ്ങളിലെ ക്രൈസ്തവ വിശ്വാസ ദീപ്തി കൂടുതൽ പ്രശോഭിതമായി.
തേക്കുപാറ പ്രദേശത്തേക്ക് കുടിയേറിയവർ തങ്ങളുടെ വിശ്വാസ ആവശ്യത്തിന് ആശ്രയിച്ചിരുന്നത് അമ്പൂരി പള്ളിയെ ആയിരുന്നു. 1955 മുതൽ ഇവിടെ ഞായറാഴ്ച ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പണം നടന്നിരുന്നു.
1961ൽ പരിശുദ്ധ കന്യമറിയത്തിന്റെ നാമത്തിൽ ഫാ.ജോസഫ് മാലിപറമ്പിൽ പള്ളി പണിയിക്കാൻ ആരംഭിച്ചു. 1965 ൽ തേക്കുപാറ ഒരു കുരിശുപള്ളിയായി ഉയർത്തപ്പെട്ടു. പള്ളിയോട് ചേർന്ന് 1966ൽ തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ മഠവും സർക്കാർ അനുമതിയോടെ ഒരു പള്ളിക്കൂടവും ആരംഭിച്ചു. മുന്നേറ്റത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക് എത്തിയ തേക്കുപാറ ഇടവക 1971ൽ ഒരു സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെട്ടു.
2008ൽ പള്ളി സ്ഥാപിതമായത്തിന്റെ സുവർണജൂബിലി സമാപനത്തിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സന്നിഹിതനായിരുന്നു. ദൈവാലയം പുനർനിർമിക്കുക എന്നത് ഈ ഇടവക സമൂഹത്തിന്റെ വലിയ ആഗ്രഹവും പ്രാർഥനയുമായിരുന്നു.
ആറ് പതിറ്റാണ്ടുകൾക്കപ്പുറത്ത് ഒരു കുരിശ് പള്ളിമാത്രമായിരുന്ന തേക്കുപാറ എന്ന ഈ മലയോര ഗ്രാമ പള്ളി ഇന്ന് പാരമ്പര്യവും പ്രൗഡിയും തിളങ്ങുന്ന ഒരു വിശുദ്ധ ദേവാലയവും സാക്ഷ്യം നല്കുന്ന വിശ്വാസി സമൂഹവുമായി മാറിയിരിക്കുന്നു. ഇതിനു പിന്നിൽ അക്ഷീണം പ്രവർത്തിച്ച നിരവധി ആളുകളും വൈദികരും ഉണ്ട്.
മുതിയാവിള വല്യച്ചൻ എന്ന് വിളിക്കപ്പെടുന്ന ബൽജിയംകാരനായ ഫാ.അദേയദാത്തൂസ് ഒസിഡി, ഫാ. ജോസഫ് മാലിപ്പറമ്പിൽ, ഫാ. ലുഷ്യസ് സിഎംഐ, ദൈവലയം പുനർനിർമിച്ച ഫാ.ടോണി നമ്പിശേരികളം എന്നീ വൈദികരുടെ അക്ഷീണ പരിശ്രമത്തിന്റെയും പ്രവർത്തനത്തിന്റെയും ഒരു നേർസാക്ഷ്യം കൂടിയാണ് പുനർനിർമിച്ച തേക്കുപാറ പള്ളി. 12ന് ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിലിന് ഇടവകയിൽ കാനോനിക സ്വീകരണം നല്കും.
തുടർന്ന് പള്ളി വെഞ്ചരിപ്പും മദ്ബഹാ കൂദാശാ തിരുക്കർമങ്ങളും നടക്കും. നാലിന് സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിക്കും. ഇടവക വികാരി ഫാ.ടോണി നമ്പിശേരിക്കളം, കൈക്കാരൻമാരായ വിജയൻ ഊറ്റുകുഴി, സണ്ണി പാറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ ഇടവക ജനം ഒന്നാകെ പള്ളി കൂദാശക്കായി വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നു.