പാറശാല ആര്‍ടി ഓഫീസില്‍ വിജിലന്‍സ് പരിശോധന
1542100
Saturday, April 12, 2025 6:50 AM IST
50,900 രൂപയുമായി ഡ്രൈവിംഗ് സ്കൂള്‍ ജീവനക്കാരൻ പിടിയിൽ
പാറശാല: ആര്‍ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 50,900 രൂപയുമായി ഡ്രൈവിംഗ് സ്കൂള്‍ ജീവനക്കാരനെ പിടികൂടി. വിവിധഡ്രൈവിംഗ് സ്കൂളുകളില്‍നിന്ന് സമാഹരിച്ച് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനായി കൊണ്ടുവന്ന പണമാണ് പിടികൂടിയതെന്ന് സംശയിക്കുന്നതായി വിജിലന്‍സ് സംഘം അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് വിജിലന്‍സ് സംഘം എത്തിയത്. ഓഫീസിലെ നടപടികളെക്കുറിച്ച് മൂന്നുമാസം മുന്‍പെ ലഭിച്ച പരാതികളില്‍ വിശദമായ പരിശോധന നടത്തിയശേഷമാണ് സംഘം പരിശോധനയ്ക്കായി എത്തിയത്.
വാഹന കാര്യക്ഷമതാ പരിശോധന മുതല്‍ ഡ്രൈവിംഗ് പരീക്ഷകള്‍ക്കു വരെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങുന്നതായും കൈക്കൂലി സമാഹരിച്ച് കൈമാറുന്നതിനായി ഡ്രൈവിംഗ് സ്കൂള്‍ ജീവനക്കാരനെ ചുമതലപ്പെടുത്തിയിട്ടുള്ളതായും വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. ഡ്രൈവിംഗ് സ്കൂള്‍ ജീവനക്കാരനായ സുരേന്ദ്രനെയാണ് 50,900 രൂപയുമായി പിടികൂടിയത്.
വിജിലന്‍സ് യൂണിറ്റിലെ സിഐ അഭിലാഷ്, കിരണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.