പൈപ്പ് ലൈൻ നോക്കുകുത്തി; കോട്ടൂരിൽ ജാലക്ഷാമം രൂക്ഷം
1541785
Friday, April 11, 2025 6:52 AM IST
കാട്ടാക്കട: ജല അഥോറിറ്റിയുടെ പൈപ്പ് ലൈൻ എത്തിയിട്ടും കോട്ടൂർ പ്രദേശത്തെ ഉയർന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ കുടിവെള്ളക്ഷാമത്തിന് അറുതിയില്ല. വേനൽ കടുത്തതോടെ ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. കോട്ടൂർ കടമാൻകുന്ന്, മൈലമൂട് പ്രദേശങ്ങളിൽ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്.
കള്ളിയൽ, പങ്കാവ്, കിഴക്കേക്കര, മലവിള, തീപ്പച്ചാൻതേരി, എരുമക്കുഴി എന്നിവിടങ്ങളിൽ പൈപ്പുകളിൽ വെള്ളമില്ലാത്ത സ്ഥിതിയുണ്ട്. കുറ്റിച്ചൽ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് കോട്ടൂർ കടമാൻകുന്ന്. കിണറുകളല്ലാതെ മറ്റു ജലസ്രോതസുകളൊന്നും ഇല്ലാത്ത ഇവിടെ എഴുപത്തിയഞ്ചിലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
വേനൽ തുടങ്ങുമ്പോൾത്തന്നെ എല്ലാ കിണറുകളും വറ്റും. ഇതോടെ ശുദ്ധജലത്തിനു ക്ഷാമവും തുടങ്ങും. ഓരോപ്രാവശ്യവും കുടിവെള്ളക്ഷാമം ഉണ്ടാകുമ്പോൾ കുറ്റിച്ചൽ പഞ്ചായത്ത് അരുവിക്കര ജലസംഭരണിയിൽനിന്നു ടാങ്കർ ലോറിയിലാണ് വെള്ളമെത്തിച്ചിരുന്നത്. ടാങ്കറിൽ എത്തുന്ന കുടിവെള്ളവും കാത്ത് കടമാൻകുന്നുകാരുടെ കാത്തിരിപ്പ് ഇതേ വരെ തീർന്നിട്ടില്ല. തുടർന്ന് ഇവിടേക്ക് ജലഅതോറിറ്റിയുടെ പൈപ്പിലൂടെ കുടിവെള്ളമെത്തിക്കാൻ തീരുമാനമായി.
തുടർന്ന് ഇവിടേക്ക് പൈപ്പുകൾ നീട്ടി. പിന്നാലെ കോട്ടൂർമുതൽ കടമാൻകുന്ന്വരെയുള്ള 500 മീറ്ററോളം ഭാഗത്ത് റോഡരികിലെ എഴുപത്തിയഞ്ചോളം വീടുകളിൽ ജലജീവൻ പദ്ധതിയിൽ കുടിവെള്ള കണക്ഷനും നൽകി. എന്നാൽ, ജലവിതരണം മാത്രം നടന്നില്ല.
വെള്ളമില്ല; എങ്കിലും ബില്ലെത്തി
പൈപ്പ് കണക്ഷൻ കിട്ടിയവർക്കു വെള്ളം നൽകാതെ ജല ഉപയോഗത്തിന് ബില്ലുകൾ നൽകിയതോടെ ജല അഥോറിറ്റിക്കെതിരേ പരാതിയുമായി ജനങ്ങൾ രംഗത്തെത്തി. ഭൂരിപക്ഷം പേരും പണം അടയ്ക്കാതെ കണക്ഷൻ വിച്ഛേദിക്കാൻ ആവശ്യപ്പെട്ട് അഥോറിറ്റിക്ക് കത്തും നൽകി. ഇതേ അവസ്ഥതന്നെയാണ് കോട്ടൂരിലെ ബാക്കി പ്രദേശത്തും.
നിലവിൽ കോട്ടൂർ കള്ളിയൽ റോഡിൽ ഗ്രന്ഥശാലവരെ മാത്രമേ വല്ലപ്പോഴും വെള്ളമെത്തുകയുള്ളൂ. കാളിപ്പാറ ശുദ്ധജലപദ്ധതിയിൽനിന്നു കള്ളിക്കാട് പഞ്ചായത്തിലെ വ്ളാവെട്ടി വഴിയാണ് കോട്ടൂർ പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നത്. അതും അർധരാത്രിയിൽ മാത്രമെന്നു പ്രദേശത്തുകാർ പറയുന്നു.
വെള്ളത്തിനായി രാത്രി മുഴുവൻ കാത്തിരിക്കണം. എന്നാൽ, ജല അഥോറിറ്റിയുടെ കമ്പൈൻഡ് വാട്ടർ സപ്ലൈ സ്കീമിൽ മണ്ണൂർക്കര-വീരണകാവ്-പെരുംകുളം സമഗ്ര കുടിവെള്ളപദ്ധതിയിൽനിന്നു പൂർണതോതിൽ ജലവിതരണം നടന്നാൽ കോട്ടൂരിലെ ജലക്ഷാമത്തിനു പരിഹാരമായേനെ.
കുറ്റിച്ചൽ പഞ്ചായത്തിൽ 2122 പേർക്കാണ് ഈ പദ്ധതിയിൽനിന്നു കണക്ഷൻ നൽകിയിട്ടുള്ളത്. കോട്ടൂർ പ്രദേശവും ഇതിൽ ഉൾപ്പെടുന്നു. 2013-ൽ ആരംഭിച്ച 91 കോടി രൂപയുടെ പദ്ധതിയാണ് ഇഴയുന്നത്.