ബഡ്സ് സ്കൂളിലെ കുട്ടികള്‍ വിഴിഞ്ഞം തുറമുഖം കാണാന്‍ ഒത്തുകൂടി
1542104
Saturday, April 12, 2025 6:50 AM IST
വെള്ളറട: വിഴിഞ്ഞം തുറമുഖം കാണാന്‍ ഭിന്നശേഷി കുട്ടികള്‍ ഒത്ത് ചേര്‍ന്നു. പെരുങ്കടവിള പഞ്ചായത്ത് ബഡ്സ് സ്കൂളിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കേന്ദ്രമാക്കി സംഘടിപ്പിച്ച പഠന വിനോദയാത്ര കുട്ടികള്‍ക്കു കൗതുകമായി.
പഞ്ചായത്ത് പ്രദേശത്തെ 58 ഭിന്ന ശേഷിക്കുട്ടികള് പഠിക്കുന്ന ബഡ്സ് സ്കൂളിലെ 25 കുട്ടികളും, രക്ഷകര്‍ത്താക്കളും യാത്രയില്‍ ഉണ്ടായിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖകവാടവും ചരക്ക് കപ്പലുകളും ആര്‍ത്തലക്കുന്ന തിരമാലകളും നീണ്ടു പരന്നുകിടക്കുന്ന മണല്പരപ്പുകളും, തണുത്ത ഇളംകാറ്റും അവരുടെ മനസിലുണ്ടാക്കിയ സന്തോഷം ആംഗ്യത്തിലൂടെയും,
മുഖഭാവത്തിലൂടെയും ആസ്വദിച്ച നിമിഷങ്ങള്‍. ശംഖുമുഖം ബീച്ചും, ട്രയിന്‍ യാത്രയും ബോട്ടിംഗും കിഴക്കേകോട്ടയിലെ മെഴുകു പ്രതിമ മ്യൂസിയവും അവിടെനിന്നു ടബിള്ഡക്കര് ബസിലെ നഗരക്കാഴ്ചയും പള്ളിച്ചല്ഫാം ഹൗസും കണ്ടു.
ബഡ്സ് സ്കൂള്‍ അധ്യാപിക എസ്. സിമിയുടെ നേതൃത്വത്തിലുള്ള സംഘത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കാനക്കോട് ബാലരാജ്, പഞ്ചായത്ത് അംഗങ്ങളായ സ്നേഹലത, ധന്യ പി. നായര്‍, വിമല, മിനി പ്രസാദ്, വി.എ. സചിത്ര, ജഗഥമ്മ എന്നിവര്‍ നേതൃത്വം നല്കി.