റോഡിലെ അപകടക്കെണി : വാർത്തയ്ക്കു പിന്നാലെ സുരക്ഷാ അറിയിപ്പ് ബോർഡ് സ്ഥാപിച്ചു
1542102
Saturday, April 12, 2025 6:50 AM IST
കാട്ടാക്കട: റോഡിൽ അപകടക്കെണിയെന്ന വാർത്തയ്ക്കു പിന്നാലെ അധികൃതർ ഉണർന്നു. ഈ ഭാഗത്തു സുരക്ഷാ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചു. ഇതു സംബന്ധിച്ച് ദീപിക വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബോർഡ് സ്ഥാപിച്ചത്. താമസിയാതെ ഇവിടം വൃത്തിയാക്കി അപകടഭാഗത്തു സുരക്ഷാവേലി നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനമെടുത്തു.
അതിന്റെ നടപടിയും ഉടൻ ഉണ്ടാകും. കാട്ടാക്കട -നെടുമങ്ങാട് റോഡിലെ പൂവച്ചൽ പുന്നാംകരിക്കകം തയ്ക്കാവ് പള്ളിക്കടുത്താണ് യാത്രക്കാർ അപകടത്തിൽപ്പെടുന്നത്. ഈ ഭാഗത്ത് റോഡിനു വളവും വീതി കുറവുമാണ്. റോഡിനു താഴെ വലിയ തോടാണുള്ളത്. അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ മിക്കപ്പോഴും ഈ തോട്ടിലേക്കാണു മറിയുന്നത്.
തിരക്കേറിയ റോഡാണിത്. ഈ റോഡ് അടുത്തിടെയാണ് ആധുനികവത്കരിച്ചത്. റോഡ് നവീകരിച്ചപ്പോൾ ശാസ്ത്രീയമായി ചെയ്തില്ലെന്ന ആരോപണം നാട്ടുകാർ ഉന്നിയിച്ചിരുന്നു. തയ്ക്കാ പള്ളി ഭാഗത്തും വലിയ വളവുണ്ട്. അപകടങ്ങൾ നിത്യ സംഭവമായി മാറിയിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കുന്നിലെന്നു നാട്ടുകാർ പറയുന്നു.
കഴിഞ്ഞ നാലുമാസത്തിനിടെ 23ളം അപകടങ്ങളാണ് നടന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇവിടെ റോഡിൽ സുരക്ഷാവേലി വയ്ക്കണമെന്ന ആവശ്യം ഉയർന്നത്. ഇതാണ് രണ്ടു ദിവസം മുൻപ് വാർത്തയായി നൽകിയത്.