തിരുമല-തൃക്കണ്ണാപുരം റോഡ് വീതികൂട്ടല്‍; വെള്ളപ്പൊക്ക ഭീതിയില്‍ കുടുംബങ്ങള്‍
1542099
Saturday, April 12, 2025 6:50 AM IST
ഓടയിലെ വെള്ളം ഒഴുകിപ്പോകാന്‍ പദ്ധതിയില്‍ പ്ലാനില്ലെന്ന് ആക്ഷേപം
പേരൂര്‍ക്കട: തിരുമല-തൃക്കണ്ണാപുരം റോഡ് വീതികൂട്ടല്‍ ദീര്ഘവീക്ഷണത്തോടുകൂടിയുള്ളതല്ലെന്നും ഓട പുതുക്കിപ്പണിയുമ്പോള്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും നാട്ടുകാരുടെ ആരോപണം.
പിഡബ്ല്യുഡി 45 കോടിയോളം രൂപ വിനിയോഗിച്ചാണ് റോഡു വീതി കൂട്ടുന്നത്. ഇരുവശത്തുമായി 15 മീറ്റര്‍ വീതിയാണ് വര്‍ധിപ്പിക്കുന്നത്. മൂന്നരകിലോമീറ്റര്‍ വരുന്നതാണ് റോഡ്. പണി മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ചുകഴിഞ്ഞു. ജെസിബി ഉപയോഗിച്ചുള്ള പണി തകൃതിയായി നടത്തുന്നുണ്ട്.
കുന്നപ്പുഴ ജംഗ്ഷനു സമീപം ട്രാന്‍സ്ഫോമറിനു എതിര്‍വശത്ത് റോഡിന്റെ വീതി വര്‍ധി പ്പിക്കലുമായി ബന്ധപ്പെട്ടാണ് പരാതികളും ആശങ്കകളും കൂടുതലായി നിലനില്‍ക്കുന്നത്. ഇവിടെ ആറുമാസത്തിനു മുമ്പ് വീതിയില്‍ ഓട നിര്‍മിച്ചിരുന്നു. റോഡ് വീതി കൂട്ടുന്നതോടെ ഓട പുനര്‍നിര്‍മിക്കേണ്ടതായി വരും.
നിലവില്‍ ഓടയില്‍നിന്നുള്ള വെള്ളം ഇവിടെ നിന്നും പ്രത്യേക പൈപ്പ് വഴി കരമനയാറ്റിലേക്കാണു വിട്ടിരുന്നത്. എന്നാൽ പുതിയ പദ്ധതിയില്‍ ഓടനിര്‍മാണം വിശദീകരിക്കുന്നുണ്ടെങ്കിലും കൂടുതലായി മഴയില്‍ വന്നുചേരുന്ന വെള്ളം എവിടേക്ക് വിടണമെന്നു പറയുന്നില്ല.
കരമനയാറ്റിലേക്ക് വെള്ളം വിടുന്നതിനുള്ള സംവിധാനം ഒരുക്കാതെ റോഡ് വീതികൂട്ടല്‍ നടത്തുകയാണെങ്കില്‍ പ്രധാന റോഡില്‍പ്പോലും വെള്ളപ്പൊക്കമുണ്ടാകുകയും നിരവധി കുടുംബങ്ങളെ അതു അപകടത്തില്‍പ്പെടുത്തുകയും ചെയ്യും.