കേരള സർവകലാശാല യൂണിയന് തെരഞ്ഞെടുപ്പ് : യുദ്ധക്കളമായി സർവകലാശാല ആസ്ഥാനം
1541775
Friday, April 11, 2025 6:40 AM IST
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് യുദ്ധക്കളമായി കേരള യൂണിവേഴ്സിറ്റി ആസ്ഥാനം. ഇന്നലെ രാവിലെ യൂണിയന് തെരഞ്ഞെടുപ്പ് ആരംഭിച്ചതു മുതല്‍ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. വൈകുന്നേരം ആറോടെ കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍ ആരംഭിച്ചതോടെയാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്.
യൂണിവേഴ്സിറ്റിക്കുപുറത്തും ആശാന് സ്ക്വയറിലുമായി കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇതിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകരെ പിരിച്ചു വിടുന്നതിനായി പോലീസ് പലതവണ ലാത്തിചാര്‍ജ് നടത്തി.
ലാത്തിച്ചാര്‍ജിലും കല്ലേറിലും കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനും എസ്എഫ്ഐ പ്രവര്ത്തകന് ധനേഷിനും ഉള്‍പ്പെടെ നിരവധി പേര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ വൈസ് ചെയര്മാന് സ്ഥാനത്തേക്ക് ഒരാളും എക്സിക്യൂട്ടീവിലേക്ക് നാലുപേരും അക്കൗണ്ട്സ് കമ്മിറ്റിയിലേക്ക് ഒരാളും കെഎസ്യു പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വിജയപ്രഖ്യാപനത്തിനു ശേഷം കെഎസ്യു പ്രവര്‍ത്തകര്‍ ഒരുഭാഗത്തും എസ്എഫ്ഐ പ്രവര്‍ത്തകര്‍ മറ്റൊരു ഭാഗത്തുമായി വിജയാഹ്ലാദവും പ്രകടനവും നടത്തിയിരുന്നു. പിന്നീട് യൂണിവേഴ്സിറ്റി വളപ്പില്‍നിന്നു മുദ്രാവാക്യം വിളിച്ച കെഎസ്യു പ്രവര്‍ത്തകര്‍ക്കു നേരെ പുറത്തുനിന്നും എത്തിയ പത്തോളം വരുന്ന സംഘം ഹെല്‍മറ്റ് ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നു കെഎസ്യു പ്രവര്‍ത്തകര്‍ പറഞ്ഞു. പുറത്തിറങ്ങിയ കെഎസ്യു പ്രവര്‍ത്തകര്‍ക്കുനേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്തിനുള്ളില്‍ നിന്നും കല്ലേറു നടത്തി.
യൂണിവേഴ്സിറ്റിക്കുള്ളില്‍ നിന്നും റോഡിലേക്കു കല്ലേറു വന്നപ്പോള്‍ റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്ന സമയമായിരുന്നു. റോഡിലേക്കു വന്ന കല്ലുകള്‍ കെഎസ്യു പ്രവര്‍ത്തകര്‍ തിരിച്ച് യൂണിവേഴ്സിറ്റി വളപ്പിലേക്കു എസ്എഫ്ഐ പ്രവര്‍ത്തകരെ ലക്ഷ്യമാക്കിയും എറിയുന്നുണ്ടായിരുന്നു. വിദ്യാര്‍ഥികളെ പിരിച്ചു വിടുന്നതിനായി പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു മണിക്കൂളോളം ഗതാഗതം സ്തംഭിച്ചു.
റോഡിലേക്ക് വലിയ കല്ലുകള്‍!! പരിഭ്രാന്തരായി സാധാരണക്കാർ
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് എസ് എഫ്ഐ- കെഎസ്യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയപ്പോള്‍ പരിഭ്രാന്തരായത് റോഡിലൂടെ യാത്ര ചെയ്ത സാധാരണ ആളുകള്‍. യൂണിവേഴ്സിറ്റിക്കു പുറത്ത് ആശാന് സ്ക്വയറിനു സമീപം നിന്ന കെഎസ്യു പ്രവര്‍ത്തകരെ നേരിടുന്നതിനായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ എറിഞ്ഞ കല്ലുകളാണ് റോഡിലേക്കു പതിച്ചത്.
ഇതോടെ കാര്യങ്ങള്‍ ഒന്നും അറിയാതെ റോഡിലൂടെ യാത്ര ചെയ്തവര്‍ പരിഭ്രാന്തരായി. റോഡിലൂടെ വാഹനം ഓടിച്ചുപോയവര് കണ്ടത് വലിയ കല്ലുകള്‍ റോഡിലേക്കു വന്നു വീഴുന്നതായിരുന്നു. പിന്നീട് പോലീസ് ഇതു വഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു.
സ്ഥലത്ത് വന്‍ പോലീസ് സന്നാഹം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ വന്‍ പോലീസ് സന്നാഹത്തെയാണ് യൂണിവേഴ്സിറ്റി പരിസരത്ത് വിന്യസിച്ചിരുന്നത്. തിരുവനന്തപുരം ഡിസിപി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ നൂറുകണക്കിനു പോലീസുകാരാണു സ്ഥലത്ത് ക്യാമ്പ് ചെയ്തത്.
ആക്രമം ആരംഭിച്ച വൈകുന്നേരം ആറോടെ വീണ്ടും പോലീസ് ഉദ്യോഗസ്ഥരെ ഇവിടേയ്ക്ക് വിന്യസിച്ചു. രാത്രി വൈകിയും കേരള യൂണിവേഴ്സിറ്റിക്കുള്ളിലും പരിസര പ്രദേശങ്ങളിലും പോലീസ് ക്യാമ്പ് ചെയ്യുകയാണ്.