തീരദേശത്ത് പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനു തുടക്കം
1542103
Saturday, April 12, 2025 6:50 AM IST
വലിയതുറ: "ശുചിത്വ സാഗരം സുന്ദര തീരം' ഏകദിന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിനു തുടക്കം കുറിച്ചു. മത്സ്യ സമ്പത്തിന്റെ സംരക്ഷണവും തീരദേശ വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സുചിത്വ സാഗരം സുന്ദര തീരം ഏകദിന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാനം ശംഖുമുഖം ബീച്ചില്‍ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ചു. എല്ലാവരും ഒന്നിച്ചാല്‍ ശുചിത്വ സാഗരം പദ്ധതി വിജയകരമാകുമെന്നു മന്ത്രി സജി ചെറിയാന് പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിന് തുടക്കംകുറിച്ചുകൊണ്ട് പറഞ്ഞു.
12000 വോളന്റിയര്‍മാരെ വിന്യസിച്ചാണ് പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം നടത്തുന്നത്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച ശുചീകരണം നടത്തുമെന്നും 200 മീറ്റര്‍ ദൂരത്തിനിടയില്‍ ഓരോ പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുമെന്നും സജി ചെറിയാന് പറഞ്ഞു.
പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനു വലിയ ബോധവത്കരണം ആവശ്യമാണെന്നും കടലിലെ പ്ലാസ്റ്റിക് സാന്നിധ്യം വളരെ കൂടുതലാണെന്നും ഇതിനെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയണമെന്നും ഇല്ലെങ്കില്‍ കേരളം ഭാവിയില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.