മിനിമം കൂലി ഉറപ്പാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാർ ഇടപെടണം
1542093
Saturday, April 12, 2025 6:37 AM IST
തിരുവനന്തപുരം: ബാങ്കുകളിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് അടിസ്ഥാന മിനിമം കൂലി ഉറപ്പാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഹൗസ് കീപ്പിംഗ് ആൻഡ് മെയിന്റനൻസ് എംപ്ലോയീസ് യൂണിയൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ബാങ്കുകളിൽ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന വിവിധ ജില്ലകളിലും കോർപറേഷനിലും നഗരസഭയിലും പഞ്ചായത്തുകളിലും വ്യത്യസ്ത തരത്തിലാണ് കൂലി നൽകുന്നത്. ചിലയിടങ്ങളിൽ 12,000 രൂപ മാത്രം നൽകുന്പോൾ മറ്റു ചിലയിടങ്ങളിൽ 15, 000 രൂപ വരെ നൽകുന്നു.
ലേബർ കോണ്ട്രാക്ട് എടുത്തിട്ടുള്ള ഏജൻസികൾ തുക തട്ടിയെടുക്കുകയാണ്. 21,000 രൂപ മുതൽ 26,000 രൂപ വരെ കരാർ ജീവനക്കാർക്കാർക്കായി ബാങ്ക് ഏജൻസികൾ എഴുതിയെടുക്കുന്പോൾ ഇവർക്ക് തുച്ഛമായ തുക മാത്രമാണ് നൽകുന്നത്.
ജീവനക്കാർക്ക് തൊഴിൽ സുരക്ഷിതത്വവും ഉറപ്പാക്കാനും കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കു കഴിയുന്നില്ലെന്നു പ്രസിഡന്റ് അനിയൻ മാത്യു, ജനറൽ സെക്രട്ടറി എം.എം. ഹസീന, തിരുവനന്തപുരം ജില്ലാ സെക്രട്ടറി റോയ് സാംരാജ് എന്നിവർ പറഞ്ഞു.