പരിശോധനയിൽ മദ്യപിച്ചെന്നു കണ്ടെത്തൽ : കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറുടെ പ്രതിഷേധ സമരം
1542095
Saturday, April 12, 2025 6:50 AM IST
പാലോട്: ബ്രീത്ത് അനലൈസർ പരിശോധനയിൽ സിഗ്നൽ 16 കടന്നു എന്നു കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. തുടർന്നു പാലോട് ഡിപ്പോയിൽ അരങ്ങേറിത് നാടകീയ രംഗങ്ങൾ.
ഇന്നലെ രാവിലെ പാലോട് ഡിപ്പോയിൽ ജോലിക്ക് എത്തിയ ഡ്രൈവർ പച്ചമല തേക്കുമൂട് സ്വദേശി ജയപ്രകാശിനെയാണ് ഡ്യൂട്ടി യിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ താൻ മദ്യപിക്കുന്ന ആളല്ലെന്നും ഇത്രയും വർഷം പാലോട് ഡിപ്പോയിൽ ജോലി നോക്കിയിട്ട് ഇങ്ങനെ ഒരു പരാതി ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി എസ്. ജയപ്രകാശ് പരാതിയുമായി മുന്നോട്ടു വന്നു.
ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ജയപ്രകാശ് ഓഫീസ് പടിക്കൽ പ്രതിഷേധ സമരം നടത്തി. വീട്ടിൽനിന്നു ഭാര്യയെയും മക്കളെയും സ്ഥലത്തെത്തിച്ചാണു ജയപ്രകാശ് സമരം നടത്തിയത്. സമരം മണിക്കൂറുകളോളം ഡിപ്പോയിൽ നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. പരിശോധന ഉപകരണം തകരാറിലാണെന്ന് ആഴ്ചകളായി ജീവനക്കാർ പരാതി നൽകിയിരുന്നു.
കഴിഞ്ഞ 31നും സമാനമായ സംഭവങ്ങൾ ഉണ്ടായതായും ജീവനക്കാർ ആ രോപിക്കുന്നു. അന്ന് അഞ്ചുപേർക്കാണ് പലവട്ടം പരിശോധനയിൽ പല സിഗ്നകളിൽ കാണിച്ചത്. വെള്ളിയാഴ്ച രാവിലെ സ്റ്റേഷൻ മാസ്റ്റർ ബൈജുവാണു ജീവനക്കാരെ പരിശോധിച്ചത്. ജയപ്രകാശിനോടൊപ്പം ഉണ്ടായിരുന്ന കണ്ടക്ടർ ഷിബുവിനെ പരിശോധിച്ചപ്പോൾ സിഗ്നൽ പൂജ്യം ആയിരുന്നു.
എന്നാൽ ജയപ്രകാശിനെ പരിശോധിച്ചപ്പോൾ അത് 16 എന്നാണ് കാണിച്ചത്. ഇയാൾ മദ്യപിക്കുന്ന ആളല്ലെന്നു സഹപ്രവർത്തകരും ഉദ്യോഗസ്ഥരും പറയുന്നു. സംഭവം വലിയ വാർത്തയായതോടെ വിഷയത്തിൽ മന്ത്രിയുടെ ഓഫീസ് ഇടപെടുകയും പാലോട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ടു പേരും നെടുമങ്ങാട് എടിഒ എയും ജയപ്രകാശും ഉൾപ്പെടെ എംഡിയുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആ വശ്യപ്പെട്ടിട്ടുണ്ട്.