ഞാൻ അവഗണിക്കപ്പെടുന്ന എഴുത്തുകാരൻ: പ്രഫ. ജി.എൻ. പണിക്കർ
1541782
Friday, April 11, 2025 6:40 AM IST
തിരുവനന്തപുരം : പ്രമുഖരായ ചില എഴുത്തുകാരുടെ പ്രശസ്തങ്ങളായ കൃതികളെ ഞാൻ വിമർശിച്ചിട്ടുണ്ട്. ആരെയും ശത്രുവായി കണ്ടിട്ടല്ല എന്റെ വിമർശനം. അവരുടെ കൃതികളെ കുറിച്ചുള്ള എന്റെ അഭിപ്രായം ഞാൻ തുറന്നു പറഞ്ഞു. അത്രമാത്രം. മലയാളത്തിലും ഇംഗ്ലീഷിലുമായി അറുപത്തി അഞ്ചിലേറെ കൃതികൾ രചിച്ചിട്ടുണ്ട്. പല അവാർഡുകമ്മിറ്റികളും പക്ഷേ എന്നെ പരിഗണിക്കാറില്ല.
അവഗണിക്കപ്പെടുന്ന ഒരു എഴുത്തുകാരനാണ് ഞാൻ. അതിലെനിക്കു പരിഭവമോ പരാതിയോ ഇല്ല. പ്രഫ. ജി. എൻ. പണിക്കരുടേതാണ് ഈ വാക്കുകൾ. ഡോ. പി.സി. നായർ ഫൗണ്ടേഷന്റെ വരദേവി പുരസ്കാരം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിൽനിന്നും ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ് ഹാളിലെ ടിഎൻജി ഹാളിലായിരുന്നു ചടങ്ങ്.
വള്ളുവനാടൻ എഴുത്തുകാരെ പോലെ തിരുവനന്തപുരത്തെ സാഹിത്യകാരന്മാർക്കു അർഹമായ അംഗീകാരം ലഭിയ്ക്കാറില്ലെന്ന് അവാർഡ് ദാനം നിർവഹഹിച്ച കെ. ജയകുമാർ അഭിപ്രായപ്പെട്ടു.
വിട്ടുവീഴ്ചകൾക്കു തയ്യാറാവാതെ സ്വന്തം നിലപാടുകളിൽ ഉറച്ചു നിന്നതു കൊണ്ടാണ് പ്രഫ. ജി.എൻ. പണിക്കർ പലപ്പോഴും ഒഴിവാക്കപ്പെട്ടത്. ജി.എൻ. പണിക്കരുടെ ആശയ ധീരത അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും കെ. ജയകുമാർ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ കൊട്ടിയം എൻഎസ്എസ് കോളജ് പ്രിൻസിപ്പൽ പ്രഫ. നന്ത്യത്ത് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.സി. നായർ ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. പി. ബാലചന്ദ്രൻ നായർ സ്വാഗതം ആശംസിച്ചു. കാര്യദർശി കെ. രാജഗോപാൽ നന്ദിയും പറഞ്ഞു.