ചട്ടവിരുദ്ധ ഇ ഫയൽ: സ്പീക്കറുടെ തീരുമാനത്തിനെതിരെ സമരം ചെയ്ത ജീവനക്കാർക്ക് ഭീഷണിക്കത്ത്
1542096
Saturday, April 12, 2025 6:50 AM IST
തിരുവന്തപുരം: സ്പീക്കറുടെ ചട്ടവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്ത നിയമസഭയിലെ പ്രതിപക്ഷ സർവീസ് സംഘടനയായ കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ പ്രതിഷേധത്തിൽ പങ്കെടുത്ത വനിത ജീവനക്കാർക്ക് ഭീഷണിക്കത്ത്.
സ്പീക്കർക്കെതിരേ സമരം ചെയ്താൽ പണി തെറിപ്പിക്കുമെന്നും അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തുന്ന കത്തുകളാണ് ഇടതു അനുഭാവി എന്ന പേരിൽ വനിതാ ജീവനക്കാർക്കു ലഭിച്ചത്.
ജനാധിപത്യപരമായ പ്രതിഷേധത്തിൽ പങ്കെടുത്ത ജീവനക്കാരെ സ്പീക്കറുടെ പേരുൾപ്പെടുത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണവും കുറ്റക്കാർക്കെതിരേ നടപടിയും ആവശ്യപ്പെട്ടു കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ സ്പീക്കർ എ.എൻ. ഷംസീറിന് കത്ത് നൽകി.
ജനാധിപത്യം അനുവദിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ നടപടി അപലപനീയമാണെന്നു ഭാരവാഹികൾ പറഞ്ഞു.