ഭക്തിസാന്ദ്രമായി പൈങ്കുനി ഉത്സവം ആറാട്ട്
1542091
Saturday, April 12, 2025 6:37 AM IST
തിരുവനന്തപുരം: നഗരത്തെ ഭക്തിയിൽ ആറാടിച്ച് ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് നടന്നു.
വൈകുന്നേരം അഞ്ചിനു ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടവഴി പുറത്തേക്കെഴുന്നള്ളിച്ച ശ്രീപദ്മനാഭ സ്വാമിയുടെയും നരസിംഹമൂർത്തിയുടെയും തിരുവന്പാടി ശ്രീകൃഷ്ണസ്വാമിയുടെയും വിഗ്രഹങ്ങൾക്കു ക്ഷേത്രം സ്ഥാനിയൻ മൂലം തിരുനാൾ രാമവർമ അകന്പടി സേവിച്ചു. ഹരിതപട തൊപ്പിയും മരതക മാലയുമണിഞ്ഞ് ഉടവാളേന്തി നീങ്ങിയ മൂലം തിരുനാളിനൊപ്പം രാജകുടുംബാംഗങ്ങളും അണിനിരന്നു.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, അശ്വാരൂഢ സേന, കാര്യക്കാർ, മേളക്കാർ എന്നിവർ ആറാട്ട് ഘോയാത്രയ്ക്കു മിഴിവേകി. ബാൻഡുമേളവും ചെണ്ടമേളവും അന്തരീക്ഷത്തിൽ ഉയർന്നു. ആറാട്ടു ഘോഷയാത്ര കോട്ടവാതിൽ കടന്നപ്പോൾ 21 ആചാരവെടി മുഴങ്ങി. ശംഖുമുഖം കടൽത്തീരം വരെ നീളുന്ന റോഡിനിരുവശവും ഭക്തർ ഭക്തിനിർഭരമായ മനസോടെ ആറാട്ട് ഘോഷയാത്രയെ സ്വീകരിച്ചു.
ശംഖുമുഖം കടലിലെ ആറാട്ടിനു ശേഷം ദേവവിഗ്രഹങ്ങൾ തിരിച്ചെഴുന്നള്ളിച്ചതോടെ ഈ വർഷത്തെ പൈങ്കുനി ഉത്സവത്തിനു സമാപനമായി.