പൂവച്ചലിൽ ഭരണ-പ്രതിപക്ഷ പോര്
1542107
Saturday, April 12, 2025 6:55 AM IST
കാട്ടാക്കട: പൂവച്ചലിൽ ഭരണപക്ഷ -പ്രതിപക്ഷ പോര് കൊഴുക്കുന്നു. പഞ്ചായത്ത് ഭരിക്കുന്ന സിപിഎം മാലിന്യ വലിച്ചെറിയൽ പ്രശ്നത്തിൽ കോൺഗ്രസ് നേതാക്കൾക്കതിരേ കടുത്ത നടപടികളിലേയ്ക്ക് നീങ്ങുമ്പോൾ, കോൺഗ്രസും പോലീസും കേസുമായി മുന്നോട്ടുപോവുകയാണ്.
സംഭവങ്ങളുടെ തുടക്കം ഇങ്ങിനെ: യുഡിഎഫ് പൂവച്ചലിൽ സംഘടിപ്പിച്ച രാപകൽ സമരത്തിനുശേഷം പ്ലാസ്റ്റിക് ഉൾപ്പെടുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ പഞ്ചായത്ത് ഓഫീസിന് എതിർവശത്തെ പഞ്ചായത്ത് ഭൂമിയിൽ ഉപേക്ഷിച്ചിരുന്നു.
സംഭവത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് കോൺഗ്രസ് നേതാവാണെന്നും സിസിടിവി ദ്യശ്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി പിഴയൊടുക്കാൻ നോട്ടീസ് നൽകിയിരുന്നു. കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റും യുഡിഎഫ് കൺവീനറുമായ പൊന്നെടുത്തകുഴി സത്യദാസിനാണ് 5,000 രൂപ പിഴയൊടുക്കാൻ നോട്ടീസ് ലഭിച്ചത്. ഇതോടെയാണ് പ്രതിപക്ഷം രംഗത്തുവന്നത്. പഞ്ചായത്ത് ഓഫീസിനു മുന്നിൽ രാപകൽ സമരം നടത്തിയതിന്റെ പകയാണ് നോട്ടീ സിനു പിന്നിലെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. ഭക്ഷ്യാവിഷ്ടങ്ങൾ ശേഖരിച്ച് ഒരു ചാക്കിൽകെട്ടി വച്ചിരിക്കുകയായിരുന്നുവെന്നും എന്നാൽ ചില സിപിഎം പ്രവർത്തകർ ചാക്കിൽനിന്നും ഭക്ഷ്യാവിഷ്ടങ്ങൾ പുറത്തെറിഞ്ഞെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.
ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ കട്ടയ്ക്കോട് തങ്കച്ചൻ കാട്ടാക്കട പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വൻ സമരപരിപാടികൾക്ക് രൂപം നൽകിയതായും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പഞ്ചായത്തോഫീസിനു മുന്നിൽ രാപകൽ സമരം നടന്നത്.