വിഴിഞ്ഞത്തെ ഇളക്കിമറിച്ച് ‘രക്ഷാപ്രവർത്തനം’
1542094
Saturday, April 12, 2025 6:37 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: നേരം പുലർന്നപ്പോൾ മുതൽ ദുരന്തനിവാരണ സേനയുടെയും ഫയർ ഫോഴ്സിന്റെയും ജില്ലാ കളക്ടർ ഉൾപ്പെടെ റവന്യൂവിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വാഹനങ്ങളുടെ ആരവം. പതിനൊന്ന് മണിയോടെ സൈറൺ മുഴക്കിയുള്ള വാഹനങ്ങളുടെയും രക്ഷാപ്രവർത്തകരുടെയും പരക്കംപാച്ചിൽ.
വിഴിഞ്ഞം - കളിയിക്കാവിള റോഡിലൂടെ കൂട്ടമായി പാഞ്ഞവാഹനനിര അന്താരാഷ്ട്ര തുറമുഖ കവാടവും കടന്ന് ഉള്ളിലേക്ക് പോയി. ആൾക്കാരുമായി ആംബുലൻസുകൾ ആശുപത്രകളിലേക്ക് പായുന്ന രംഗങ്ങൾ. ഹാം റേഡിയയിലൂടെയും വയർലെസ് സംവിധാനം വഴിയുള്ള മുന്നറിയിപ്പുകൾ. ഏതോ വൻ ദുരന്തം നടന്നതിന്റെ പ്രതീതിയിൽ വിഴിഞ്ഞം.
കാര്യമറിയാതെ പേടിച്ചരണ്ട് ആകാംഷയുടെ മുൾമുനയിൽ മണിക്കൂറുകളോളം ജനം. ചുഴലിക്കാറ്റ് ദുരന്തങ്ങൾ ഉണ്ടായാൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണ നൽകുന്നതിന് സേനകൾ സജ്ജമെന്ന് തെളിയിക്കുന്ന ദുരന്തനിവാരണ സേന അധികൃതർ നടത്തിയ മോക് ട്രില്ലാണ് നാട്ടുകാരെ മണിക്കൂറുകളോളം ആകാംഷയിൽ നിർത്തിയത്.
മുൻകൂട്ടിയുള്ള പ്രചരണമില്ലാത്തതിനാൽ നടക്കാൻപോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവ് ജനത്തിനില്ലായിരുന്നു. ഫയർഫോഴ്സ് അധികൃതരും, എൻഡിആർഎഫ്, മിലിട്ടറി ഉദ്യോഗസ്ഥരും കളക്ടർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും, ആരോഗ്യവിഭാഗം ജീവനക്കാരും രാവിലെ എട്ടു മണിയോടെ വിഴിഞ്ഞം പള്ളിക്കു സമീപം തമ്പടിച്ചു.
പത്തു മണിയോടെ സൈക്ലോൺ കൂടുതൽ ബാധിക്കുമെന്നുറപ്പുള്ള ഭാഗങ്ങളിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തിആൾക്കാതെ ഒഴിപ്പിച്ചു താല് കാലിക ക്യാമ്പിലേക്ക്മാറ്റി. പതിനൊന്ന് മണിയോടെ ശക്തമായ ചുഴലിക്കാറ്റ് (സാങ്കല്പികം) തീരം തൊട്ടതായുള്ള വിവരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നെത്തി. പിന്നെ നടന്നത് രക്ഷാപ്രവർത്തകരുടെ ജീവൻ മരണ പോരാട്ടം. വിഴിഞ്ഞം പള്ളിക്കു സമീപം തമ്പടിച്ചിരുന്ന സംഘം മുൻകൂട്ടി നിശ്ചയിച്ചിരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലക്ഷ്യമാക്കി പാഞ്ഞു.
പ്രതീകാത്മകരക്ഷാപ്രവർത്തനങ്ങളും മുന്നറിയിപ്പുകളും അപകടത്തിൽപ്പെട്ടവരെ ദുരന്ത സ്ഥലത്തുനിന്നു മാറ്റുന്നതുൾപ്പെടെയുള്ള പ്രവർത്തങ്ങളും ഊർജിതമായി നടന്നു. വിഴിഞ്ഞത്ത് പ്രത്യേക കൺട്രോൾ റൂമും തുറന്ന് പ്രവർത്തനം ഏകോപിപ്പിച്ചു. ഉച്ചക്ക്ഒരു മണിയോടെ മോക് ട്രില്ലിന് സമാപനമായി. തുടർന്ന് മിലിറ്ററി ഉദ്യോഗസ്ഥരും എൻഡിആർഎഫ് സംഘവും നടത്തിയ ബോധവത്്കരണ പരിപാടിക്കുശേഷം മൂന്നോടെ ദൗത്യം അവസാനിച്ചു.