വേങ്കമല പൊങ്കാല ആഘോഷിച്ചു
1537696
Saturday, March 29, 2025 6:47 AM IST
വെഞ്ഞാറമൂട്: സർവമത തീർഥാടന കേന്ദ്രമായ വേങ്കമല ഭഗവതി ക്ഷേത്രത്തിൽ ആയിരത്തോളം ഭക്തർ പൊങ്കാല അർപ്പിച്ചു.
ക്ഷേത്ര പരിസരത്തിനു പുറമേ പുത്തൻപാലം - ചുള്ളാളം റോഡ്, വേങ്കമല-മുളങ്കാട് റോഡ് ഉൾപ്പെടെ പത്തു കിലോമീറ്റർ പരിധിയിൽ ഭക്തർ പൊങ്കാല അർപ്പിച്ചു. വെഞ്ഞാറമൂട് ഉൾപ്പെടെ വിവിധ ഡിപ്പോകളിൽനിന്ന് കെഎസ്ആർടിസി ബസുകൾ പ്രത്യേക സർവീസുകൾ നടത്തി.
ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയനുകളും ചില സ്വകാര്യ വാഹനങ്ങളും വെഞ്ഞാറമൂട്ടിൽ നിന്നും ഭക്തർക്കു സൗജന്യ യാത്ര ഒരുക്കിയിരുന്നു. ക്ഷേത്രത്തിലെ അന്നദാനത്തിനു പുറമേ വിവിധ സന്നദ്ധ സംഘടനകളും പൊങ്കാല അർപ്പിക്കുവാൻ എത്തിയവർക്ക് അന്നദാനം നടത്തി. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും തമിഴ്നാട്ടിൽ നിന്നും ഈ വർഷം പൊങ്കാലയർപ്പിക്കാൻ ആളെത്തിയിരുന്നു.
ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും വലിയ പൊങ്കാലയാണ് വേങ്കമല പൊങ്കാല. തിരുവിതാങ്കൂർ രാജകുടുംബാംഗം ആദിത്യവർമയാണ് പൊങ്കാലയ്ക്ക് ഭദ്രദീപം തെളിയിച്ചത്. ക്ഷേത്രാങ്കണത്തിൽ നടന്ന ഭക്തജന കൂട്ടായ്മ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തിരുവിതാങ്കൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അനുഗ്രഹ പ്രഭാഷണം നടത്തി.
എഐഎഡിഎംകെ കേരള സ്റ്റേറ്റ് സെക്രട്ടറി ജി. ശോഭകുമാർ മുഖ്യാഥിതിയായി പി.വി. രാജേഷ് അധ്യക്ഷനായിരുന്നു. സുഗതൻ സ്വാഗതം പറഞ്ഞു. ബിനു എസ്. നായർ, ആദർശ് വേങ്കമല, ശ്രീകണ്ഠൻ നായർ, ജി. പുരുഷോത്തമൻ നായർ, ഷാനവാസ് ആനക്കുഴി, അശ്വതി, റാണി സുനിൽ, കോമളവല്ലി പ്രഭാത് തുടങ്ങിയവർ സംസാരിച്ചു.