കൊച്ചെടത്വാ തീർഥാടനം: വിളംബര ജാഥ നടത്തി
1538343
Monday, March 31, 2025 6:48 AM IST
വിഴിഞ്ഞം: ഏപ്രിൽ 25 ന് ആരംഭിക്കുന്ന പുതിയതുറ കൊച്ചെടത്വാ തീർഥാടനത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിളംബര ജാഥ ഇടവക വികാരി ഫാ. ഗ്ലാഡിൻ അലക്സ്, ഉത്സവ കമ്മിറ്റി കൺവീനർ പുഷ്പം വിൻസന്റ് എന്നിവർ ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു.
കടപ്പുറം മൈതാനിയിൽ വിശുദ്ധന്റെ ചിത്രം ആലേഖനം ചെയ്ത പതാക ഉയർത്തിയതിനു ശേഷമാണ് ജാഥാ ഫ്ലാഗ് ഓഫ് ചെയ്തത്. തീർഥാടനം അവസാനിക്കുന്ന മേയ് നാലുവരെ പതാക കടപ്പുറം മൈതാനിയിൽ ഉണ്ടാകുമെന്നും അറിയിച്ചു.
സഹ വികാരി ഫാ. ഫ്രഡി വർഗീസ്, ഇടവക സെക്രട്ടറി ജെയിംസ് സഹായം, ഉത്സവ കമ്മിറ്റി സെക്രട്ടറി ടി. രാജു എന്നിവർ നേതൃത്വം നൽകി. പുതിയതുറ കടപ്പുറം മൈതാനിയിൽനിന്നും ആരംഭിച്ച ജാഥാ കരുംകുളം, പൂവാർ, കോട്ടുകാൽ, കാഞ്ഞിരംകുളം പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് പുതിയതുറ സെന്റ് നിക്കോളാസ് പള്ളിയിൽ അവസാനിച്ചു.