വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് പിടിയിൽ
1538350
Monday, March 31, 2025 6:48 AM IST
വിഴിഞ്ഞം: വിദേശത്ത് പോകാൻ വീസ വാഗ്ദാനംചെയ്ത് യുവാക്കളിൽനിന്നു പണം തട്ടിയ ആളെ പോലീസ് പിടികൂടി. കമ്പളിപ്പിക്കലിനുശേഷം ട്രെയിനുകളിൽ കറങ്ങുകയും റെയിൽവേ സ്റ്റേഷനുകളിൽ വിശ്രമിക്കുകയും താമസിക്കുകയും ചെയ്യുന്ന തട്ടിപ്പുകാരനെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്.
കാസർകോഡ് സ്വദേശി ഹസ്ബുള്ള (46)യെയാണ് വിഴിഞ്ഞം സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഷൊർണൂർ റയിൽവേ സ്റ്റേഷനിൽനിന്നും ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ പിടികൂടിയത്.
വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി അക്ബർ ഷായ്ക്കും സുഹൃത്തിനും ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് 58,200 രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് അറസ്റ്റ്. കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നായി അരലക്ഷത്തോളം രൂപ വീതം നൂറോളം പേരിൽനിന്ന് ഇയാൾ തട്ടിയതായ വിവരമുണ്ടെന്നും പോലീസ് പറയുന്നു. കൂടുതലും സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിനിരയായിരിക്കുന്നത്.
തട്ടിപ്പുകഴിഞ്ഞാൽ ട്രെയിനുകളിൽ മാത്രം സഞ്ചരിച്ചു റെയിൽവേ സ്റ്റേഷനുകളിൽ കിടന്നുറങ്ങുകയാണു പതിവെന്നും പോലീസ് പറയുന്നു. ശ്രീകാര്യം സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുള്ളതായും പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.