വഞ്ചിയൂര്‍ റോഡിലെ കുഴി വാഹനയാത്രികര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു
1538353
Monday, March 31, 2025 7:00 AM IST
മെഡിക്കല്‍കോളജ്: വഞ്ചിയൂര്‍ ജംഗ്ഷനു സമീപം റോഡിലെ കുഴി വാഹനയാത്രികര്‍ക്കു ഭീഷണി സൃഷ്ടിക്കുന്നു. ജനറല്‍ ആശുപത്രി ജംഗ്ഷന്, തമ്പാനൂര്‍, ഋഷിമംഗലം റോഡുകള്‍ സംഗമിക്കുന്ന ഭാഗത്താണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. കുറച്ചുനാള്‍ മുമ്പ് ഈ ഭാഗത്ത് കുഴി രൂപപ്പെട്ടിരുന്നത് മെറ്റലും ടാറും ഉപയോഗിച്ച് അടച്ചിരുന്നു.
ഇതേ ഭാഗമാണ് വീണ്ടും ഇടിഞ്ഞുതാഴ്ന്നു വന്‍ കുഴി രൂപപ്പെട്ടിരിക്കുന്നത്. വഞ്ചിയൂര്‍ കോടതി ഈ ഭാഗത്തുനിന്ന് അധികം അകലെയല്ല. നൂറുകണക്കിന് വാഹനങ്ങളാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. ഇരുചക്ര വാഹനയാത്രികരാണ് കുഴിയില്‍ വീഴാനുള്ള സാധ്യത കൂടുതലുള്ളത്.
കാറുകളുടെയും ബസുകളുടെയും മറ്റുള്ള ഹെവി വാഹനങ്ങളുടെയും പിറകേ സഞ്ചരിക്കുന്നവര്‍ അബദ്ധത്തില്‍ കുഴിയില്‍ വീഴുകയാണെങ്കില്‍ വന്‍ അത്യാഹിതമായിരിക്കും ഉണ്ടാകുക. ദിവസങ്ങള്‍ക്കു മുമ്പാണ് ഈ ഭാഗത്ത് റോഡ് ഇടിഞ്ഞുതാഴ്ന്നതെന്നു പ്രദേശവാസികളും വ്യാപാരികളും പറയുന്നു. എന്നാല്‍ ഇതുവരെ ഈ ഭാഗം അറ്റകുറ്റപ്പണി ചെയ്യുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞദിവസത്തെ ശക്തമായ മഴയില്‍ വെള്ളം കുഴിയിലൂടെ ഒലിച്ചിറങ്ങിയതിനാല്‍ റോഡിന്റ കൂടുതല്‍ ഭാഗം ഇടിഞ്ഞുതാഴുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. തിരക്കേറിയ മൂന്നുറോഡുകളുടെ സംഗമസ്ഥാനത്തെ അപകടകരമായ കുഴി എത്രയും വേഗം അറ്റകുറ്റപ്പണി ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നതാണ് ആവശ്യം.