സിവില്‍സ്റ്റേഷനിലെ ജനമൈത്രി കേന്ദ്രം കൃത്യമായി തുറക്കുന്നില്ലെന്നു പരാതി
1538352
Monday, March 31, 2025 7:00 AM IST
പേരൂര്‍ക്കട: കുടപ്പനക്കുന്ന് സിവില്സ്റ്റേഷന് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ജനമൈത്രി കേന്ദ്രം ചില ദിവസങ്ങളില്‍ കൃത്യസമയത്തു തുറക്കുന്നില്ലെന്നു വ്യാപക പരാതി. ജനമൈത്രി കേന്ദ്രത്തിലെത്തുന്നവരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. രാവിലെ 10 മണിക്കു തുറക്കേണ്ടതായ ജനമൈത്രി കേന്ദ്രം ചില ദിവസങ്ങളില്‍ 10.30നും ചിലപ്പോള്‍ 11 മണിക്കുമാണ് തുറക്കുന്നത്.
സിവില്‍സ്റ്റേഷന്റെ പ്രധാന കവാടത്തിനു മുന്നില്‍ നിന്ന് 300 മീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമാണ് ജനമൈത്രി കേന്ദ്രത്തിനു സമീപം എത്താന്‍ സാധിക്കുന്നത്. അല്‍പ്പം ഉയരത്തിലാണ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. പടികള്‍ കയറിവേണം വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇവിടെയെത്താന്‍.
ചിലപ്പോള്‍ ഫോട്ടോസ്റ്റാറ്റ് ഉള്‍പ്പെടെയുള്ളവയ്ക്കായി വരുന്നവര്‍ തന്നെ ഒരുമണിക്കൂര്‍വരെ കാത്തുനിന്ന അനുഭവങ്ങള്‍ ഇവിടെയുണ്ട്. സിവില്‍സ്റ്റേഷനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ജനസേവന കേന്ദ്രത്തില്‍ രാവിലെ മുതല്‍തന്നെ നല്ല തിരക്കാണ്. അതുകൊണ്ടുതന്നെ പ്രായം ചെന്നവര്‍ക്ക് ഇവിടെച്ചെന്നു ക്യൂ നില്ക്കുന്ന പ്രയാസമാണ്.
അത്യാവശ്യ കാര്യങ്ങള്‍ സാധിക്കുന്നതിനായി ജനമൈത്രി കേന്ദ്രത്തെ ആശ്രയിക്കാമെന്നുവച്ചാല്‍ കാത്തിരിപ്പു നീണ്ടുപോകുന്നതായി ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗവും വ്യക്തമാക്കുന്നു. ജനമൈത്രി കേന്ദ്രം രാവിലെ കൃത്യസമയത്തു തുറന്നുപ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാകളക്ടര്‍ അടിയന്തര ഇടപെടല്‍ നടത്തേണ്ടതുണ്ട്.