അറ്റകുറ്റപ്പണി പൂര്‍ത്തിയായി; കുടിവെള്ള പ്രശ്നത്തിനു പരിഹാരം
1538356
Monday, March 31, 2025 7:00 AM IST
പേരൂര്‍ക്കട: ബേക്കറി ജംഗ്ഷനിലേക്കു വന്നുചേരുന്ന പാരീസ് നഗര്‍ റോഡിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമായി. വാട്ടര്‍അഥോറിറ്റി പാളയം സെക്ഷന്‍ എഇയുടെ ഇടപെടലിലൂടെയാണ് പൈപ്പ് ചോര്‍ച്ചയ്ക്കു പരിഹാരമായത്.
കഴിഞ്ഞ ഒരുമാസമായി ഈ ഭാഗത്ത് പൈപ്പുപൊട്ടി ശുദ്ധജലം പാഴാകുന്ന വിവരം ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൈപ്പ് പൊട്ടിയഭാഗത്തെ ടാര്‍ ഇളകി 100 മീറ്ററോളം ദൂരത്തില്‍ റോഡിന്റെ അരികിലൂടെ വെള്ളം ഒഴുകിപ്പരക്കുകയായിരുന്നു. പൈപ്പ്പൊട്ടി ശക്തമായി വെള്ളമൊഴുകുന്നതിനാല്‍ പ്രദേശത്തെ കുടിവെള്ള പൈപ്പുകളില്‍ ജലലഭ്യത കുറവായിരുന്നു.
പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അധികൃതര്‍ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുകയായിരുന്നു. അതേസമയം വേനല്‍ക്കാലത്ത് സെക്ഷന്‍ പരിധിയില്‍ നിരവധി സ്ഥലങ്ങളില്‍ ചെറുതും വലുതുമായ ചോര്‍ച്ചയുണ്ടാകുന്നുണ്ടെന്നും അതെല്ലാം അടിയന്തരമായി പരിഹരിച്ചുവന്നതിനാലാണ് പാരീസ് നഗറില്‍ പൊട്ടിയ പൈപ്പിന്റെ പ്രശ്നം പരിഹരിക്കാന്‍ കാലതാമസം നേരിട്ടതെന്നുമാണ് വാട്ടര്‍അഥോറിറ്റി പറയുന്നത്.