പി.ടി. ചാക്കോ ഫൗണ്ടേഷൻ പുരസ്കാരം ആർ.എസ്. ബാബുവിന് സമ്മാനിച്ചു
1538345
Monday, March 31, 2025 6:48 AM IST
തിരുവനന്തപുരം: ഇന്ത്യയുടെ ഭരണഘടനാ സമിതിയിലേക്ക് അംബേദ്കറെ കൊണ്ടുവരുന്നതിന് ഗാന്ധിജി നിർദേശിച്ചിട്ടും അന്നത്തെ ദേശീയ നേതൃത്വം എതിർത്തന്നു ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള. പി.ടി. ചാക്കോ ഫൗണ്ടേഷൻ പുരസ്ക്കാരം കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബുവിന് നൽകി സംസാരിക്കുകയായിരുന്നു ഗവർണർ.
പ്രസിദ്ധ നിയമപണ്ഡിതൻ സർ വില്യം ഐവർ ജെന്നിംഗ്സിന്റെ പേര് പറഞ്ഞാണ് അംബേദ്കറെ തഴയാൻ ശ്രമിച്ചത്. പല ഘട്ടങ്ങളിലും അംബേദ്കറിനെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, ചെറിയാൻ ഫിലിപ്പ്, പി.ടി. ചാക്കോ ട്രസ്റ്റ് ചെയർമാൻ ബിജു ജേക്കബ്, വൈസ് ചെയർമാൻ നിതിൻ ജേക്കബ്, രക്ഷാധികാരി ശാന്തമ്മ ചാക്കോ എന്നിവർ സംസാരിച്ചു.
കേരള മീഡിയ അക്കാദമിയുടെ പ്രവർത്തനങ്ങളെ പുതിയൊരു ദിശയിലേക്ക് നയിക്കുന്ന ആർ.എസ്. ബാബുവിന്റെ പ്രവർത്തനമികവിനെ ചടങ്ങിൽ സംബന്ധിച്ചവർ ശ്ലാഘിച്ചു.
25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കമ്യൂണിസ്റ്റ് പത്രപ്രവർത്തകനാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടന്നു മറുപടി പ്രസംഗത്തിൽ ആർ.എസ്. ബാബു പറഞ്ഞു.