കശാപ്പിനെത്തിച്ച പോത്ത് വിരണ്ടോടി; മൂന്നുപേർക്ക് പരിക്ക്
1537981
Sunday, March 30, 2025 6:35 AM IST
കാട്ടാക്കട: ജെല്ലികെട്ട് സിനിമ മോഡലിൽ പോത്ത് മലയോര ഗ്രാമത്തെ വിറപ്പിച്ചു. ഒടുവിൽ ഫയർഫോഴ്സ് സംഘമെത്തി പോത്തിനെ പിടികൂടി. കശാപ്പിനെത്തിച്ച പോത്താണു വിരണ്ടോടിയത്. പോത്ത് നിരവധി വാഹനങ്ങളും തകർത്തു. മൂന്നുപേർക്കു പരിക്കേറ്റു.
ചെമ്പൂരിൽ സ്വകാര്യവ്യക്തി ചന്തയിൽ അറക്കാൻ കൊണ്ടുവന്ന പോത്താണു വിരണ്ടോടി മൂന്നുപേരെ ഇടിച്ചിട്ടത്. തുടർന്നു നെയ്യാർഡാം ഫയർ ഫോഴ്സ് എത്തി ഫയർഫോഴ്സും നാട്ടുകാരും ചേർന്നു പോത്തിനെ കീഴ്പ്പെടുത്തുകയായിരുന്നു.
പരിക്കേറ്റ മൂന്നുപേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കശാപ്പു ചെയ്യുന്നതിനായി ചെമ്പൂർ സ്വദേശി അബൂ കഴിഞ്ഞ ദിവസം വാങ്ങിയ പോത്തായിരുന്നു കയർ പൊട്ടിച്ചോടിയശേഷം നാടിനെ വിറപ്പിച്ചത്.
ചെമ്പൂരിനു സമീപം മൊട്ടാലുംമൂടിൽ നിന്നു വിരണ്ടോടിയ പോത്ത് കിലോമീറ്ററുകളോളം ദൂരം സഞ്ച രിച്ചു. അതിനു പിന്നാലെ ഉടമസ്ഥരും ഓടി. പോകുന്ന വഴിയിൽക്കണ്ട ബൈക്കുകൾ ഉൾപ്പെടെയുള്ളവ പോത്ത് മറിച്ചിട്ടു.
നുള്ളിയോട് സ്വദേശി വേണു, മഞ്ചൻകോട് സ്വദേശി അഗസ്റ്റിൻ, രാജു എന്നിവർക്കാണ് പരിക്കേറ്റത്. വേണു ആശുപത്രിയിൽ ചികിത്സ തേടി. മറ്റുള്ളവരുടെ പരിക്ക് നിസാരമാണ്. വിരണ്ടോടി തളർന്ന പോത്തിനെ വാഴിച്ചൽ ഇമ്മാനുവൽ കോളജിനു സമീപത്തുവച്ചു ഫയർഫോഴ്സ് പിടികൂടി.