വേനലിൽ കുളിരായി ഇവിടെയൊരു തേനരുവി
1538344
Monday, March 31, 2025 6:48 AM IST
കാട്ടാക്കട: വേനൽ കടുക്കുമ്പോൾ കുളിരു പകർന്നൊരു വെള്ളച്ചാട്ടം. പുറംനാട്ടിൽ നിന്നും 20 കിലോമീറ്റർ അകലെ ഉൾ കാട്ടിലുള്ളഈ വെള്ളചാട്ടം സഞ്ചാരികൾക്ക് കൗതുകമാകുന്നു. ഔഷധ സമ്പന്നമാർന്ന ജലത്തിൽ കുളിക്കാനും ഉല്ലസിക്കാനും എത്തുന്നവർരിൽ ഏറെയും വിദേശികളും.
കൈതോട് ആദിവാസി സെറ്റിൽമെന്റിനടുത്താണ് ഈ വെള്ളച്ചാട്ടം. മഴയത്തും വെയിലത്തും വെള്ളം. മഴ സീസണിൽ കനത്ത പ്രവാഹം. തീർന്നില്ല. അപകടം ഉണ്ടാക്കുന്ന വെള്ളപാച്ചിൽ ഇല്ല, വഴുക്കൻ പാറകളില്ല എന്ന സവിശേഷതയും ഇവിടെയുണ്ട്.
അഗസ്ത്യമലയിൽനിന്നും ജനിക്കുന്ന ചെറിയ അരുവിയാണിത്. പിന്നെ അതു വെള്ളചാട്ടമായി മാറി കാണികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കു ന്നു. പിന്നെ പഴയ രൂപമായി കരമനയാറ്റിൽ ചെന്നുചേരും. പൊടിയം ആദിവാസി സെറ്റിൻമെന്റിൽനിന്നും അരമണിക്കൂർ നടന്നാൽ ഇവിടെ എത്താം. കാട്ടുമൃഗങ്ങൾ സദാ വിഹരിക്കുന്ന ഈ ഭാഗത്ത് രൂപം കൊണ്ട വെള്ളചാട്ടത്തിൽ കുളിക്കാൻ വനം വകുപ്പിന്റെ അനുമതിയും വേണം. വെള്ളത്തിന്റെ അളവ് എപ്പോഴും ഒരേ നിലയിലായ ഇവിടെ അത്ര അപകടവും ഒളിച്ചിരിപ്പില്ല. വലിയ കയങ്ങളുമില്ല, നാലു തട്ടുകളിലായി ഒഴുകി വരുന്ന വെള്ളത്തിനു നല്ല കട്ടിയാണ്.
അധികം വഴുവഴുപ്പ് ഇല്ലാത്ത പാറയായതിനാൽ കുളിക്കാനാണ് അധികം പേരും എത്തുന്നത്. ഇക്കോ ടൂറിസത്തിന്റെ ഫീസും നൽകി വനം വകുപ്പിന്റെ അനുമതിയും വാങ്ങി ഇവിടെ എത്തുന്നവർ ഭക്ഷണവും കരുതണം. ഇവിടേയ്ക്ക് 10 കിലോമീറ്റർ ദൂരം വാഹന സൗകര്യം ഉണ്ട്. അതുകഴിഞ്ഞാൽ നടക്കണം. ഇതിനു വനം വകുപ്പിന്റെ ജീവനക്കാരും അകമ്പടിയായി ഉണ്ടാകും. കരടി, കാട്ടുപോത്ത്, ആന, സിംഹവാലൻ കുരങ്ങ് എന്നീ മൃഗങ്ങളെ കാണാനുമാകും.
വെള്ളച്ചാട്ടത്തിലേക്കു കടന്നുപോകുന്ന വഴിക്കാണ് അണക്കെട്ടും. അതിനാൽ ഡാമിൽ കുളിക്കാനും വെള്ളം കുടിക്കാനും എത്തുന്ന ആന കൂട്ടങ്ങളെ കാണാനുമാകും. വേനലിൽ ആനകൾ നിരനിരയായി വരുന്ന ഭാഗം കൂടിയാണിത്.