മിത്രാനികേതൻ കൃഷി വിജ്ഞാന കേന്ദ്രം സുവർണ ജൂബിലി
1538360
Monday, March 31, 2025 7:00 AM IST
നെടുമങ്ങാട്: മിത്രാനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. കിഴങ്ങുവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. എസ്.എസ്. വീണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മിത്രാനികേതൻ ജോയിന്റ് ഡയറക്ടർ ഡോ. രഘുരാംദാസ് അധ്യക്ഷനായി. കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ മഞ്ജു തോമസ്, ബിന്ദു ആർ. മാത്യൂസ് കാർഷിക എൻജിനീയർ ജി. ചിത്ര എന്നിവർ സംസാരിച്ചു.
കാട്ടാക്കട പഞ്ചായത്തിലെ മികച്ച കർഷക എസ്. ഭായിയെയും കിളിമാനൂർ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സംരംഭകൻ ടി. ലിജുവിനെയും ചടങ്ങിൽ ആദരിച്ചു. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ പട്ടികജാതി- വർഗ വിഭാഗത്തിൽപെട്ട കർഷകർക്ക് നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയെന്നു കൃഷി വിജ്ഞാന കേന്ദ്രം അധികൃതർ അറിയിച്ചു.
സമ്മേളനത്തിൽ പങ്കെടുത്ത കർഷകർക്ക് പച്ചക്കറി വിത്തുകൾ, ജൈവവളങ്ങൾ, ജൈവ കീടരോഗ ഉപാധികൾ തുടങ്ങിയവ വിതരണം ചെയ്തു.