ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : തെക്കന്‍ കുരിശുമല തീര്‍ഥാടനം ഇന്നു തുടങ്ങും
1537949
Sunday, March 30, 2025 6:24 AM IST
വെള്ളറട: രാജ്യാന്തര തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല 68-ാമത് മഹാതീര്‍ഥാടനത്തിന് ഇന്നു കൊടിയേറും. ഏപ്രില്‍ ആറു വരെയാണ് ഒന്നാംഘട്ട തീര്‍ഥാടനം നടക്കുക. പെസഹ വ്യാഴം, ദുഃഖവെള്ളി തീയതി കളില്‍ രണ്ടാംഘട്ട തീര്‍ഥാടനവും നടക്കും. വിശുദ്ധ കുരിശ് സ്നേഹ ഹൃദയ സ്പന്ദനം എന്നതാണ് തീര്‍ഥാടന സന്ദേശം.
ഉച്ചയ്ക്ക് 2.30ന് വെള്ളറടയില്‍നിന്നും കുരിശുമലയിലേയ്ക്ക് പ്രത്യാശയുടെ കുരിശിന്റെ വഴി ആരംഭിക്കും. കെസിവൈഎം നെയ്യാറ്റിന്‍കര രൂപതാ സമിതിയും തീര്‍ഥാടന കമ്മിറ്റിയും നേതൃത്വം നല്‍കും.
വൈകുന്നേരം നാലിനു കുരിശുമല വിശുദ്ധ പത്താം പീയൂസ് ദേവാലയത്തില്‍ നിന്നും തീര്‍ഥാടന പതാകാപ്രയാണം ആരംഭിക്കും. 4.15ന് നെയ്യാറ്റിന്‍കര രൂപതാ മെത്രാന് ഡോ. വിൻസന്റ് സാമുവല്‍ തീര്‍ഥാടന പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ക്ക് ആരംഭം കുറിക്കും. സംഗമ വേദിയില്‍ നടക്കുന്ന ആഘോഷമായ പ്രാരംഭ പൊന്തിഫിക്കല്‍ ദിവ്യബലിയ്ക്ക് ബിഷപ് ഡോ. വിൻസന്റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. നെറുകയിലെ പതാക ഉയര്‍ത്തലിനും പ്രാരംഭതീര്ഥാടന ദിവ്യബലിക്കും ഫാ. അജീഷ് ക്രിസ്തു മുഖ്യകാര്‍മ്മികത്വം വഹിക്കും.
സംഗമവേദിയില്‍ 6.30 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് വിന്‍സന്റ് സാമുവല്‍ അധ്യക്ഷത വഹിക്കും. മുന്‍ എംപി കെ. മുരളീധരന് മുഖ്യ സന്ദേശം നല്‍കും. എംഎല്‍എമാരായ സി.കെ. ഹരീന്ദ്രന്‍, വി. ജോയി, ഡോ. താരാഹൈ കത്ബര്‍ട്ട്, കെ. ആന്‍സലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, എം.എസ്. ഫൈസല്‍ ഖാന് തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്നു പാറശാല പാരഡൈസ് മ്യൂസിക് ബാന്റ്, മാരായമുട്ടം ആരഭി സ്കൂള്‍ ഓഫ് മ്യൂസിക് എന്നീ ടീമുകളുടെ സംഗീതാര്‍ച്ചനയും നടക്കും.
തീർഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ അറിയിച്ചു. പോലീസ്, എക്സൈസ്, ഫയര്‍ ഫോര്‍ഴ്സ് എന്നീ ഡിപ്പാര്‍ട്ട്മെന്റുകളുടെ പ്രവര്‍ത്തനവും 250 അംഗങ്ങള്‍ അടങ്ങുന്ന വോളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കും.
സംഗമ വേദിമുതല്‍ നെറുക വരെ സിസിടിവിയും സ്ഥാപിച്ചിട്ടുണ്ട്.
കേരള, തമിഴ്നാട് സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളുടെ സേവനവും, ഗ്രീന്‍ മിഷന്, കുടിവെള്ളം, ഫുഡ് സേഫ്റ്റി, വിമണ്‍ ആൻഡ്് ചൈല്‍ഡ്, ഹെല്‍ത്ത് ആൻഡ് സാനിട്ടേഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും സജീവമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.