തിരുവനന്തപുരം വിമാനത്താവളത്തിൽ റണ്‍വേ റീ കാര്‍പെറ്റിംഗ് പൂര്‍ത്തിയായി; ഇന്നു മുതല്‍ മുഴുവന്‍ സമയ സര്‍വീസുകള്‍
1537948
Sunday, March 30, 2025 6:24 AM IST
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പെറ്റിംഗ് ഉള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞു. ഞായറാഴ്ച മുതല്‍ മുഴുവന്‍ സമയ വിമാന സര്‍വീസുകള്‍ നടക്കും. ജനുവരി 14 മുതലാണ് റീ കാര്‍പെറ്റിംഗ് ജോലികള്‍ ആരംഭിച്ചത്. ഇതേ തുടര്‍ന്നു വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചിരുന്നു.
വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കാത്ത തരത്തിലായിരുന്നു പ്രവൃത്തികള്‍ നടന്നത്. രാവിലെ ഒന്പതുമുതല് വൈകുന്നേരം ആറുവരെ റണ്‍വേ അടച്ചിട്ടായിരുന്നു റീ കാര്‍ പെറ്റിംഗ് പണികള്‍ നടന്നിരുന്നത്. 75 ദിവസത്തിനുള്ളില്‍ 50,000 മെട്രിക് ടണ്‍ അസ്ഫാല്റ്റ് ഉപയോഗിച്ചു. 150 കിലോമീറ്റര്‍ ഡക്ട് പൈപ്പുകള്‍ സ്ഥാപിച്ചു. 5.5 ലക്ഷം ചതുരശ്ര മീറ്റര്‍ ഗ്രേഡഡ് സ്ട്രിപ്പ് ഏരിയ അപ്ഗ്രഡേഷന് പൂര്‍ത്തിയായി.
റീ കാര്‍പെറ്റിംഗ് സമയത്തും ശരാശരി 80 വിമാനങ്ങള്‍ ഒരേ റണ്‍വേയില്‍ സര്‍വീസ് നടത്തി. 500 ജീവനക്കാരും തൊഴിലാളികളും 200-ലധികം അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. വള്ളക്കടവ് മുതല്‍ ഓള്‍സെയിന്റ്സ് വരെയായി 3374 മീറ്റര്‍ നീളത്തിലുള്ള റണ്‍വേയുടെ നവീകരണമാണ് പൂര്‍ത്തിയായത്.
2015-ലായിരുന്നു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ അവസാനമായി നവീകരിച്ചത്. സാധാരണ ഗതിയില്‍ പത്തുവര്‍ഷം കൂടുമ്പോഴാണു റണ്‍വേയുടെ നവീകരണ പ്രവൃത്തികള്‍ നടത്താറുള്ളത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ റണ്‍വേ റീ കാര്‍പെറ്റിംഗ് പണികളാണു തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്നത്.