പൂന്തുറയില്‍ കച്ചവടത്തിനായി എംഡിഎംഎ നല്കിയ ആള് പിടിയില്‍
1537695
Saturday, March 29, 2025 6:41 AM IST
പൂന്തുറ: പൂന്തുറയില്‍ ദിവസങ്ങള്‍ക്കുമുമ്പ് എംഡിഎംഎയുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് എം.ഡിഎംഎ നല്കിയ മൊത്തക്കച്ചവടക്കാരനെ കഠിനംകുളത്തുനിന്നും പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.
കുളത്തൂര്‍ പുതുവല്‍ മണക്കാട് സ്റ്റേഷന്‍കടവ് ചിത്തിര നഗറില്‍ താമസിക്കുന്ന വിവേകിനെ (27)യാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 16നു 2.56 ഗ്രാം എംഡി എംഎ യുമായി ബീമാപള്ളി പത്തേക്കര്‍ സുനാമി കോളനിയില്‍ അഫ്സല് (20), വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനിയില്‍ റോയിസ് (30),
ബീമാപള്ളി തൈക്കാപള്ളി സ്വദേശി ഹാഷിം (22), ബീമാപളളി തൈക്കാപള്ളി നിജാസ് (23) എന്നിവരെ പൂന്തുറയ്ക്ക് സമീപത്തുളള മൈലാഞ്ചിമുക്കില്നിന്നും പോലീസ് പിടികൂടിയിരുന്നു. യുവാക്കള്‍ക്ക് എംഡിഎംഎ ലഭിച്ച ഉറവിടത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ക്ക് ലഹരി മരുന്നു നല്കിയ വിവേക് പിടിയിലായത്.
പോലീസ് ഇയാളെ ചോദ്യം ചെയ്തതില്‍നിന്നും ഇയാള്‍ക്ക് ലഹരി മരുന്നു സംഘങ്ങളുമായി വലിയ ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വലിയ തുക വന്നിട്ടുള്ളതായും പോലീസ് കണ്ടെത്തി.
വിവേകിനെ മറ്റൊരു കേസില്‍ ദിവസങ്ങള്‍ക്കുമുമ്പ് കഠിനംകുളം പോലീസ് പിടികൂടിയിരുന്നു. പൂന്തുറ എസ്എച്ച്ഒ സാജുവിന്റെ നേതൃത്വത്തില്‍ എസ്ഐ സുനില്‍, സിപിഒമാരായ അരുണ്‍, ദിനു എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് വിവേകിനെ അറസ്റ്റു ചെയ്തത്.