പട്രോളിംഗിനിടെ ഗുണ്ടയുടെ കുത്തേറ്റ് എസ്ഐക്ക് പരിക്ക്
1537692
Saturday, March 29, 2025 6:41 AM IST
തിരുവനന്തപുരം: പോലീസ് പട്രോളിംഗിനിടെ ഗുണ്ടയുടെ കുത്തേറ്റ് എസ്ഐയ്ക്ക് പരിക്കേറ്റു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശ്രീജിത്ത് ഉണ്ണിയുടെ കുത്തേറ്റു പൂജപ്പുര പോലീസ് സ്റ്റേഷനിലെ എസ്ഐ സുധീഷിനാണ് പരിക്കേറ്റത്.
എസ്ഐയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ശ്രീജിത്ത് ഉണ്ണി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ തിരുമല വിജയമോഹിനി മില്ലിനു സമീപമായിരുന്നു സംഭവം. മദ്യലഹരിയിൽ ഇയാൾ ബഹളം ഉണ്ടാക്കുന്നതായി നാട്ടുകാർ പൂജപ്പുര പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്.
ശ്രീജിത്തിനെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എസ്ഐ സുധീഷ് പിന്നാലെ ഓടി ശ്രീജിത്തിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിയത്.
നെഞ്ചിൽ കുത്താൻ ശ്രമിക്കുന്നതിനിടെ ചെറുത്തപ്പോഴാണ് വലത് കൈയ്ക്കു കുത്തേറ്റത്. ഇതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ എസ്ഐയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.